തിരുവല്ല: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ഡിസംബർ 16ന് തിരുവല്ലയിൽ നടക്കുന്ന തിരുവല്ല അസംബ്ലി മണ്ഡലം നവകേരള സദസിനായി വിപുലമായ തയ്യാറെടുപ്പുകൾ തുടങ്ങി. തിരുവല്ല എസ് സിഎസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 3ന് നവകേരള സദസ് ആരംഭിക്കും. കാൽ ലക്ഷത്തിലധികം പേർ ഇതിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.മാത്യു ടി തോമസ് എംഎൽഎ ജനറൽ കൺവീനർ തിരുവല്ല സബ് കളക്ടർ സപ്ന നസറിൻ എന്നിവർ അറിയിച്ചു. ഇതിനായി വലിയ പന്തലും സ്റ്റേജും തയ്യാറായി കഴിഞ്ഞു. പൊതുജനങ്ങളുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി മുഖ്യവേദിക്കു സമീപത്തായി രണ്ടു മണിയോടെ 20 കൗണ്ടറുകൾ പ്രവർത്തനമാരംഭിക്കും.
മൂന്ന് മണിയോടെ കലാവിരുന്ന് ആരംഭിക്കും. 5 മണിക്ക് മന്ത്രിമാർ വേദിയിലെത്തും. 6 ന് മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. മുഖ്യാതിഥികൾക്ക് പൂക്കൾ ചേർന്ന പുസ്തകങ്ങൾ സമ്മാനമായി നൽകും. പൗരപ്രമുഖർ, ജനപ്രതിനിധികൾ, ജീവനക്കാർ, കർഷകർ, തൊഴിലാളികൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവതീ യുവാക്കൾ തുടങ്ങി നിരവധി പേർ സദസിൽ സംബന്ധിക്കും. തിരുവല്ല മുനിസിപ്പാലിറ്റി, നിരണം, കടപ്ര, നെടുംബ്രം, പെരിങ്ങര, കുറ്റൂർ, കവിയൂർ ,പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി ആനിക്കാട് എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ട തിരുവല്ല മണ്ഡലത്തിലെ 192 വാർഡുകളിൽ നിന്നുള്ളവരാണ് നവകേരള സദസിൽ പങ്കെടുക്കാൻ എത്തുന്നത്.