തൃശൂർ: നാളെ ചുതലയേൽക്കുന്ന പുതിയ കെപിസിസി നേതൃത്വം തൃശൂരിലെ കെ കരുണാകരൻ സ്‌മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവരാണ് പുഷ്പാർച്ചന നടത്താനെത്തിയത്. പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിലും നേതാക്കളെത്തും. കൺവീനറായി തിരഞ്ഞടുക്കപ്പെട്ട അടൂർ പ്രകാശ് വന്നിരുന്നില്ല. നാളെയാണ് പുതിയ കെപിസിസി നേതൃത്വം ചുമതല ഏറ്റെടുക്കുക. രാവിലെ 9.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. മെയ് എട്ടിനാണ് പുതിയ കെപിസിസി നേതൃത്വത്തെ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചത്. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കി.
നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സൻ, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെയാണ് പദവിയില്‍ നിന്നൊഴിവാക്കിയത്. പകരമാണ് പുതിയ നേതൃത്വം. കെപിസിസി നേതൃമാറ്റത്തെ സംബന്ധിച്ച് വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. നിലവിലെ പ്രസിഡന്റ് കെ സുധാകരൻ താൻ മാറില്ല എന്ന നിലപാട് സ്വീകരിച്ചതോടെ ഹൈക്കമാൻഡ് പ്രതിസന്ധിയിലായിരുന്നു. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും മറ്റും രാഹുൽ ഗാന്ധി തന്നെ നേരിട്ട് അഭിപ്രായങ്ങൾ തേടിയിരുന്നു. നേതൃമാറ്റത്തിനെതിരെ കെ സുധാകരന്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്ന സാഹചര്യത്തിലേക്ക് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ നിർണായക ഇടപെടല്‍ ഉണ്ടായത്.