തിരുവനന്തപുരം: വരികള്‍ക്കിടയില്‍ കൂടുതല്‍ അകലമിട്ടും അക്ഷരത്തിന്റെ വലുപ്പം കൂട്ടിയും തുമ്പ ഫോണ്ടില്‍ പരിഷ്‌കരിച്ച ലിപിയോടെ പുതിയ മലയാള പാഠപുസ്തകങ്ങള്‍ ഒരുങ്ങുന്നു. വ്യഞ്ജനങ്ങളോട് സ്വരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന അക്ഷരങ്ങളുടേയും കൂട്ടക്ഷരങ്ങളുടേയും എണ്ണം കുറച്ച പാഠപുസ്തകത്തില്‍ 90 ലിപികളാണ് ഉപയോഗിച്ചിരിക്കുന്നത്. കേരളാ സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നീ പ്രയോഗങ്ങള്‍ക്ക് പകരം ദീര്‍ഘവും അകലവും കുറച്ച് കേരളസര്‍ക്കാര്‍ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസവകുപ്പ് എന്ന് ചേര്‍ത്താണ് എഴുതിയിരിക്കുന്നത്. അധ്യാപകന്‍, പോലീസ്, വിദ്യാര്‍ഥി, ക്ലാസ്, മാര്‍ഗം, താല്‍പര്യം തുടങ്ങിയ വാക്കുകള്‍ പഴയ ലിപിയില്‍ നിന്നും മാറിയിട്ടുണ്ട്.
മലയാളത്തില്‍ അഞ്ഞൂറിലധികം ലിപികള്‍ നിലവിലുള്ളത് അച്ചടിയില്‍ വിഷമം സൃഷ്ടിക്കുന്നതിനാലാണ് ലിപികളുടെ എണ്ണം കുറച്ചത്. മലയാളത്തിന്റെ ശൈലീരീതി എന്ന ശൈലീ പുസ്തകവും ഇതിനായി പ്രസിദ്ധീകരിച്ചു. 1971ലാണ് ആദ്യം ലിപി പരിഷ്‌കരണം നടത്തിയത്. കംപ്യൂട്ടറില്‍ മലയാളം ടൈപ്പിങ് വ്യാപകമായ സാഹചര്യത്തിലാണ് ഏകീകൃത എഴുത്തു രീതിക്ക് രൂപം കൊടുക്കാന്‍ ചീഫ് സെക്രട്ടറിയായിരുന്ന വി പി ജോയ് അധ്യക്ഷനായി 2021ല്‍ ഔദ്യോഗിക ഭാഷാ പരിഷ്‌കരണ സമിതി രൂപീകരിച്ചത്.