പുതിയ സിം എടുക്കുന്നതിനായി പുതിയ നയങ്ങൾ അടുത്തിടെ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരിഷ്ക്കരണങ്ങൾ കൊണ്ടുവരുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ടെലികോം ഡിപ്പാർട്ട്‌മെന്റ് (DoT) പുറത്തിറക്കിയിട്ടുണ്ട്. പുതിയ സിം എടുക്കുന്നതിനായി പേപ്പറുകൾ അടിസ്ഥാനമാക്കിയ കെവൈസി (Know Your Customer) പൂർണമായും നിർത്തലാക്കാൻ പോകുന്നു എന്നാണ് ടെലികോം ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്. വർഷങ്ങളായി രേഖകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കെവൈസി പൂർത്തിയാക്കി ഉപയോക്താക്കൾക്ക് പുതിയ സിമ്മുകൾ നൽകിയിരുന്നത്. ഇനി മുതൽ ഇത്തരം രേഖകൾ ഡിജിറ്റൽ ആയിട്ടായിരിക്കും കൈകാര്യം ചെയ്യേണ്ടത്. ഇതുവഴി ധാരാളം തട്ടിപ്പുകൾ തടയാൻ സാധിക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നേരത്തെ സിം സ്വാപ്പിങ് തട്ടിപ്പിലൂടെ ധാരാളം ഡുപ്ലിക്കേറ്റ് സിമ്മുകൾ തട്ടിപ്പുകാർ നിർമ്മിച്ചിരുന്നു. രേഖകൾ ഡിജിറ്റൽ ആക്കുന്നതോടെ സിം സ്വാപ്പിങ് പോലുള്ള തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും.
ഡിജിറ്റൽ പരമായി രേഖകൾ കൈമാറുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ സിമ്മുകൾ ആക്ടീവ് ആകുന്നതായിരിക്കും. നേരത്തെ പുതിയ സിമ്മുകൾ ആക്ടീവ് ആകണമെങ്കിൽ ചുരുങ്ങിയത് 24 മണിക്കൂർ എങ്കിലും കാത്തിരിക്കണമായിരുന്നു. എന്നാൽ പുതിയ രീതിയിലേക്ക് എത്തുമ്പോൾ രേഖകൾ സമർപ്പിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ സിം ആക്ടീവ് ആകുന്നതായിരിക്കും. മാത്രമല്ല ആധാർ കാർഡ് മാത്രം നൽകിയാൽ പുതിയ സിം സ്വന്തമാക്കാനും ഇനി മുതൽ സാധിക്കുന്നതായിരിക്കും. 2024 മുതൽ ആയിരിക്കും ഈ മാറ്റങ്ങൾ. നേരത്തെ പുതിയ സിം എടുക്കണമായിരുന്നെങ്കിൽ ചില സ്ഥലങ്ങളിൽ തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്നതിനുള്ള രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയെല്ലാം നൽകേണ്ടി വന്നിരുന്നു. എന്നാൽ രേഖകൾ ഡിജിറ്റൽ ആക്കുന്നതോടെ ആധാർ കാർഡ് മാത്രം നൽകിയാൽ മതിയാകും. ആധാർ കാർഡിലെ ബയോമെട്രിക് വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷമായിരിക്കും പുതിയ സിം അനുവദിക്കുക.
ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പത്ത് ലക്ഷം രൂപ വരെ പിഴ അടയ്ക്കേണ്ടി വരും എന്നും പുതിയ നിയമത്തിൽ പറയുന്നു. പുതിയ സിമ്മുകൾ ബൾക്ക് ആയി ഇഷ്യൂ ചെയ്യുന്നത് തടയുമെന്നും നിയമത്തിൽ പറയുന്നു. ഇപ്പോൾ ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് സിം കാർഡുകൾ ബൾക്കായി സ്വന്തമാക്കാൻ സാധിക്കു. എങ്കിലും ഉപയോക്താക്കൾക്ക് പഴയതുപോലെ ഒരു ഐഡിയിൽ 9 സിമ്മുകൾ വരെ ലഭിക്കുന്നതായിരിക്കും. മറ്റൊരു മാറ്റമാണ് ഡെമോഗ്രാഫിക് ഡാറ്റ ശേഖരണം. ആധാർ കാർഡ് സ്കാൻ ചെയ്തായിരിക്കും ഡെമോഗ്രാഫിക് ഡാറ്റ ശേഖരിക്കുക. സിം കാർഡ് ഡിആക്ടിവേറ്റ് ചെയ്യുന്നതിലും പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയേക്കും. ഒരു കണക്ഷൻ റദ്ദാക്കിയാൽ 90 ദിവസങ്ങൾക്കുള്ളിൽ ഈ നമ്പർ പുതിയ ഉപയോക്താവിന് ലഭിക്കുന്നതായിരിക്കും.
പുതിയ മാറ്റങ്ങളെല്ലാം സൈബർ തട്ടിപ്പുകൾ തടയാൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിഭാഗം സൈബർ തട്ടിപ്പുകളും നടക്കുന്നത് വ്യാജ സിമ്മുകൾ വഴിയാണ്. നിയമങ്ങൾ ശക്തമാക്കുന്നതോടെ വ്യാജ സിമ്മുകളുടെ ഉപയോഗം ഗണ്യമായി കുറയും എന്നാണ് പ്രതീക്ഷ. ഇതിലൂടെ തട്ടിപ്പുകളും കുറയ്ക്കാൻ സാധിക്കുന്നതായിരിക്കും. കഴിവതും ഉപയോക്താക്കൾ ഇ സിമ്മുകൾ ഉപയോഗിക്കുന്നത് ആയിരിക്കും കൂടുതൽ സുരക്ഷിതം. പല തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് ഇ സിം സുരക്ഷിതത്വം നൽകുന്നുണ്ട്.