നാലാം തലമുറ സ്വിഫ്റ്റ് ടോക്കിയോ മോട്ടർഷോയിൽ. അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന മോഡലാണ് സുസുക്കി ടോക്കിയോയിൽ പ്രദർശിപ്പിച്ചത്. എഡിഎഎസ് (ADAS) ഫീച്ചറുള്ള മോഡലാണ് സുസുക്കി പ്രദർശിപ്പിച്ചതെങ്കിലും ഇന്ത്യൻ വിപണിയിൽ ഈ ഫീച്ചറുള്ള കാർ ലഭിക്കുമോ എന്ന് വ്യക്തമല്ല. നേരത്തെ സ്വിഫ്റ്റിന്റെ ചിത്രങ്ങൾ സുസുക്കി പുറത്തുവിട്ടിരുന്നു. തനതു രൂപം നിലനിര്‍ത്തുന്ന സ്വിഫ്റ്റിൽ കാലത്തിന് അനുയോജ്യമായ മാറ്റങ്ങളുണ്ട്. സില്‍വര്‍ ഫിനിഷോടു കൂടിയ ഗ്രില്ലിന് പുതിയ ഡിസൈനാണ്. നിലവില്‍ സ്വിഫ്റ്റില്‍ ഗ്രില്ലിന്റെ നടുവിലാണ് സുസുകി ലോഗോയെങ്കില്‍ പുതിയ സ്വിഫ്റ്റില്‍ ഗ്രില്ലിന് മുകളിലാണ് സുസുകി ലോഗോ വെച്ചിട്ടുള്ളത്. വശങ്ങളിലെ കാരക്ടര്‍ ലൈന്‍ ടെയില്‍ ലാംപുകള്‍ക്ക് മുകളിലേക്കു നീളുന്നുണ്ട്. പുതിയ അലോയ് വീലുകളും സ്വിഫ്റ്റിന്റെ ഭംഗി കൂട്ടുന്നു.
ഫ്രോങ്ക്‌സ്, വിറ്റാര ബ്രെസ എന്നിവയിൽ കണ്ടു വരുന്ന കറുപ്പ്, ചാര നിറങ്ങളിലുള്ള ഡാഷ്‌ബോര്‍ഡ് ഡിസൈനാണ് 2024 സ്വിഫ്റ്റിലും. 9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്‌ക്രീനാണ്. ഇതുവരെ പുതിയ സ്വിഫ്റ്റിന്റെ എന്‍ജിന്‍ വിവരങ്ങൾ സുസുക്കി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഏകദേശം 40 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുന്ന ഹൈബ്രിഡ് എൻജിൻ പുറത്തിറക്കാനും സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള സ്വിഫ്റ്റില്‍ 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. 90 എച്ച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി. പുതിയ സ്വിഫ്റ്റില്‍ കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ സൗകര്യങ്ങളുണ്ടാവുമെന്ന സൂചന സുസുക്കി നല്‍കുന്നുണ്ട്. ഡ്യുവല്‍ സെന്‍സര്‍ ബ്രേക്ക് സപ്പോര്‍ട്ട്, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം, ഡ്രൈവ് മോണിറ്ററിങ് സിസ്റ്റം എന്നിവ പുതിയ സ്വിഫ്റ്റിലുണ്ടാവും. അടുത്തവര്‍ഷം ഇന്ത്യന്‍ വിപണിയിലും സ്വിഫ്റ്റ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 2005ല്‍ മുതല്‍ ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന കാറാണ് സ്വിഫ്റ്റ്.