പത്തനംതിട്ട : ന്യൂ ഇയർ കാലത്ത് പ്രത്യേക പരിശോധനയുമായി എക്‌സൈസ് വിഭാഗം. ജനുവരി നാല് വരെ നീളുന്ന പ്രത്യേക പരിശോധനകളാണ് ഇതിന്റെ ഭാഗമായി ഉണ്ടാവുക. ജില്ലയിൽ മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന് ശക്‌തമായ ഇടപെടലുകളാണ് നടത്തി വരുന്നത്. പ്രത്യേക പരിശോധനയുടെ ഭാഗമായി ഇതുവരെ ആകെ 318 റെയിഡുകൾ നടത്തി. ഇതിൽ 69 അബ്കാരി കേസുകളും 26 മയക്കുമരുന്ന് കേസുകളും പുകയില ഉൽപ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 90 കോട്പ കേസുകളും കണ്ടെത്തി. അബ്കാരി കേസുകളിൽ 600 ലിറ്റർ കോട, 14 ലിറ്റർ ചാരായം, 69.550 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 30 ലിറ്റർ കള്ള് എന്നിവയും മയക്കുമരുന്ന് കേസുകളിൽ 1.072 കി. ഗ്രാം കഞ്ചാവും, കോട്പ കേസുകളിലായി 2.510 കി. ഗ്രാം പുകയില ഉൽപ്പന്നങ്ങളും, 2 കഞ്ചാവ് ബീഡികളും, 600- രൂപയും പിടികൂടി. അബ്കാരി കേസുകളിൽ 66 പേരെയും മയക്കുമരുന്ന് കേസുകളിൽ 26 പേരെയും കോട്പ കേസുകളിൽ 90 പേരെയും അറസ്റ്റു ചെയ്‌തു. കോട്പ കേസുകളിൽ 18,000 -രൂപ പിഴയും ഈടാക്കി.
വിദേശമദ്യ ഷാപ്പുകളിൽ നിന്നും 12ഉം കള്ള് ഷാപ്പുകളിൽ നിന്ന് 33ഉം സാമ്പിളുകളും ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശബരിമലയിലും മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവ തടയാൻ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി തീർഥാടനം തുടങ്ങിയത് മുതൽ ആകെ 2,422 കോട്പ കേസുകളും 4,84,400-രൂപ പിഴയും ഈടാക്കി. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് എക്‌സൈസിനെ അറിയിക്കാൻ ജില്ലയിൽ എക്സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നു. 0468 2222873 എന്ന കൺട്രോൾ റൂം നമ്പറിലോ, പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ 9496002863 എന്ന നമ്പറിലോ, 155358 എന്ന ടോൾ ഫ്രീ നമ്പറിലോ പരാതികൾ അറിയിക്കാം.