ചിറ്റൂര്‍: നവജാത ശിശുവിനെ ഓവുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ആശുപത്രിക്കു സമീപമുള്ള ഓവുചാലിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. നാട്ടുകാര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടയുടന്‍ ആളുകള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചെളിയിലും മണ്ണിലും പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാര്‍ ഓടയില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
പ്രഭാത നടത്തത്തിന് എത്തിയവരാണ് അഴുക്കു ചാലിനു സമീപം കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. അതേസമയം കുഞ്ഞിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയിലേക്ക് പുലര്‍ച്ചെ 4.30 ന് തനിക്ക് ബ്ലീഡിങ് ആണെന്നും കുഞ്ഞ് മരിച്ചുപോയി എന്നും പറഞ്ഞ് ഒരു സ്ത്രീ എത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞും ആശുപത്രിയിലെത്തി. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലുള്ള സ്ത്രീയാണ് കുഞ്ഞിന്റെ അമ്മയെന്നും അവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.