പത്തനംതിട്ട: അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശു തിരികെ ജീവിതത്തിലേക്ക്. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞ് ബുധനാഴ്ച ആശുപത്രി വിടും. കുഞ്ഞിന്റെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെന്ന് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് അറിയിച്ചു. കുഞ്ഞിനെ എത്തിച്ചത് മുതല്‍ പ്രത്യേക കരുതലാണ് നല്‍കിയത്. പ്രാഥമികമായി നല്‍കേണ്ട ചികിത്സകളെല്ലാം നല്‍കി. ഇപ്പോള്‍ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണ്. പത്തനംതിട്ട ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞിനെ വിട്ടയക്കുന്നതെന്നും രണ്ടാഴ്ചയ്ക്ക് ശേഷം തുടര്‍പരിശോധനയ്ക്കായി കുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.
പത്തനംതിട്ട കോട്ട സ്വദേശിനിയാണ് ഏപ്രില്‍ നാലിന് വീട്ടില്‍ പ്രസവിച്ചത്. ഗര്‍ഭിണിയാണെന്ന് പുറത്ത് അറിയിക്കാതെയായിരുന്നു സ്ത്രീ കഴിഞ്ഞിരുന്നത്. പ്രസവിച്ച ശേഷം ശിശുവിനെ ശുചിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിക്ക് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കേണ്ടിവന്നു. പ്രസവം നടന്നതിനുശേഷം ആണ് രക്തസ്രാവം ഉണ്ടായതെന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ യുവതിയോട് കുഞ്ഞിനെക്കുറിച്ച് അന്വേഷിച്ചു. അധികൃതര്‍ കുഞ്ഞിനെക്കുറിച്ച് തിരക്കിയതോടെയാണ് കുഞ്ഞ് വീട്ടിലെ ബക്കറ്റിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ ചെങ്ങന്നൂര്‍ പോലീസ് വീട്ടിലേക്ക് കുതിച്ചെത്തുകയും ബക്കറ്റിലുണ്ടായിരുന്ന കുഞ്ഞിനെ കണ്ടെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.