ന്യൂഡൽഹി : ഡൽഹിയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ മരണകാരണം കണ്ടെത്താനായില്ലെന്ന് ഡോക്ടമാരുടെ സമിതി. മൂന്ന് ഡോക്ടർമാരടങ്ങിയ സമിതിയാണ് വിശദമായ പരിശോധനയ്ക്ക് ശേഷം ഈ വിവരം പോലീസിനെ അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായോ ഇല്ലയോ എന്ന് കണ്ടെത്തൽ പ്രയാസകരമാണെന്നും ഡോക്ടമാർ പറഞ്ഞു.
പെൺകുട്ടിയുടെ മൃതദേഹം ആരുമറിയാതെ ദഹിപ്പിച്ചതിനാൽ പോലീസിനോ ഫൊറൻസിക് സംഘത്തിനോ തെളിവുകളൊന്നും ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. കണങ്കാലും ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളും മാത്രമാണ് മൃതദേഹത്തിൽനിന്ന് ലഭിച്ചിട്ടുള്ളത്. ഇതാണ് ഡോക്ടർമാരുടെ സമിതിക്ക് പരിശോധനയ്ക്കായി കൈമാറിയത്. എന്നാൽ ഈ പരിശോധനയിലൂടെ മരണകാരണം കണ്ടെത്താനായില്ലെന്നാണ് ഡോക്ടർമാരുടെ സമിതി ഡൽഹി കന്റോൺമെന്റ് ഡി.സി.പിയെ അറിയിച്ചത്.
അതിനിടെ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡി.സി.പി മോണിക്ക ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാകും കേസിൽ ഇനി അന്വേഷണം നടത്തുക. പെൺകുട്ടിയുടെ കുടുംബത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 10 ലക്ഷം രൂപയുടെ സാമ്പത്തികസഹായവും പ്രഖ്യാപിച്ചിരുന്നു.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പുരോഹിതന്റെ നേതൃത്വത്തിൽ ആരുമറിയാതെ മൃതദേഹം ദഹിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. ഷോക്കേറ്റ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വേഗത്തിൽ മൃതദേഹം ദഹിപ്പിച്ചതെന്നും സംഭവം പോലീസിനെ അറിയിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടതായും കുടുംബം പറഞ്ഞിരുന്നു.
എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും ഒട്ടേറെ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പുരോഹിതനടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. എന്നാൽ മൃതദേഹം ദഹിപ്പിച്ചതിനാൽ പെൺകുട്ടി ബലാത്സംഗത്തിനിരയായോ എന്നത് കണ്ടെത്തലാണ് അന്വേഷണസംഘത്തിന് മുന്നിലുള്ള വെല്ലുവിളി.