പത്തനംതിട്ട : ആന്റോ ആന്റണി എംപിയുടെ “eMPower pathanamthitta” യും മുത്തൂറ്റ് ഫിനാൻസ് സി എസ് ആറും മുത്തൂറ്റ് ക്യാൻസർ സെന്ററും സംയുക്തമായി സഹകരിച്ച് നടത്തുന്ന “Care for Cancer Cure” “അറിയാൻ വൈകരുത് കരുതാൻ കാത്തുനിൽക്കരുത്” പദ്ധതിക്ക് തുടക്കമായി. പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം പ്രശസ്ത സിനിമാതാരം അദിതി രവി നിർവ്വഹിച്ചു. നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ അവരുടെ കുടുംബപരിപാലനത്തോടൊപ്പം തന്നെ സ്വന്തം ശാരീരിക മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകണമെന്ന് ക്യാമ്പിന്റെ ഉദ്ഘാട നകർമ്മം നിർവ്വഹിച്ചുകൊണ്ട് ആദിതി രവി പറഞ്ഞു. മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസക്കാലം പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലും കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലും സൗജന്യമായി രോഗനിർണ്ണയം നടത്താവുന്നതും രോഗം നിർണ്ണയിക്കപ്പെടുന്നവർക്ക് സൗജന്യ തുടർ ചികിത്സ ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതി. (പരിശോധനക്കായി ബന്ധപ്പെടേണ്ട നമ്പർ : കോഴഞ്ചേരി :7025261800, പത്തനംതിട്ട : 9645450211)
ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് അവിടെ പ്രത്യേക ക്യാമ്പുകൾ നടത്തി രോഗനിർണയം ഉറപ്പുവരുത്തുവാനുള്ള സംവിധാനവും സ്വീകരിച്ചിട്ടുണ്ട്. ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം സ്ത്രീകൾ സ്തനാർബുദം എന്ന മാരകരോഗത്താൽ ബുദ്ധിമുട്ടുന്നുണ്ട്. ഈ രോഗത്തോടും അതിന്റെ വെല്ലുവിളികളോടു പോരാടുന്നവരും അതിനു മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്നവരും നമ്മുടെ ഇടയിൽ തന്നെയുണ്ട്. എന്നാൽ കൃത്യമായ പരിശോധനകളിലൂടെയും ചിട്ടയോടെയുള്ള ചികിത്സയിലൂടെയും കൃത്യമായ ബോധവൽക്കരണത്തിലൂടെയും ഈ രോഗത്തെ നമുക്ക് ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. ഈ രോഗത്തെ വിജയകരമായി അതിജീവിച്ച നിരവധി വനിതകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്. “Care for Cancer Cure” എന്ന ഈ പദ്ധതിയുടെ ലക്ഷ്യം സൗജന്യ പരിശോധനകളിലൂടെ രോഗസാധ്യത കണ്ടെത്തുകയും രോഗം സ്ഥിരീകരിച്ചാൽ അർഹരായവർക്ക് തുടർ ചികിത്സയുൾപ്പെടെ സകല അനുബന്ധ കാര്യങ്ങളും സൗജന്യമായി നൽകുന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ നികുതിദായകരിലൊന്നാണ് മുത്തൂറ്റ് ഗ്രൂപ്പ്. സാമൂഹ്യ പ്രതിബദ്ധതയോട് കൂടിയുള്ള മുത്തൂറ്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.
Care for Cancer Cure പദ്ധതിക്ക് കേരളത്തിൽ ആദ്യമായി തുടക്കം കുറിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ വനിതകൾക്കായി ഇത്തരത്തിലുള്ള ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ പത്തനംതിട്ട എം പി ആന്റോ ആന്റണിയെ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് അഭിനന്ദിച്ചു. സ്തനാർബുധ ബോധവത്കരണ ക്ലാസ് എംജിഎം മുത്തൂറ്റ് ഹോസ്പിറ്റൽ കൺസൾട്ടന്റ് മെഡിക്കൽ ഓൺകോളജിസ്റ്റ് ഡോക്ടർ ഭവ്യ എസ് കുമാർ നയിച്ചു. മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം ജോർജ്, മുത്തൂറ്റ് ഫിനാൻസ് സി എസ് ആർ ഹെഡ് ബാബു ജോൺ മലയിൽ, മുത്തൂറ്റ് ഹെൽത്ത് കെയർ മെഡിക്കൽ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ജോർജി കുര്യൻ മുത്തൂറ്റ്, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ രജനി പ്രദീപ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.