പത്തനംതിട്ട : കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്‌കൂട്ടർ മറിഞ്ഞ് പത്ര ഏജന്റിന് പരിക്ക്. കൊടുന്തറ ഏജന്റ് പി.ജി. സുനിൽകുമാറിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ കൊടുന്തറ ക്ഷേത്രത്തിനടുത്താണ് സംഭവം. പത്രവിതരണത്തിനായി പത്തനംതിട്ടയിലേക്ക് ഇറങ്ങിയ സുനിൽ വീട്ടിൽ മറന്നുവെച്ച മൊബൈൽ ഫോൺ എടുക്കാൻ തിരിച്ചുവരുമ്പോഴായിരുന്നു അപകടം. പത്തനംതിട്ട- വാഴമുട്ടം റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ് അല്പദൂരം ചെന്നപ്പോഴാണ് റോഡരികിലെ വാഴത്തോപ്പിൽനിന്ന് പന്നി കുറുകെ ചാടിയത്.
പന്നിയെ ഇടിച്ച സുനിൽ വാഴത്തോപ്പിലേക്ക് തെറിച്ചുവീണു. ശരീരത്തേക്ക് സ്‌കൂട്ടറും വീണു. ഉറക്കെ വിളിച്ചെങ്കിലും പുലർച്ചെയായതിനാൽ ആരും കേട്ടില്ല. ശരീരത്തുനിന്ന് സ്‌കൂട്ടർ മാറ്റാനും കഴിഞ്ഞില്ല. അവശനായ സുനിൽ ബോധരഹിതനായി. അഞ്ചുമണിക്ക് അതുവഴി നടക്കാൻ വന്ന സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ. ജോസാണ് സുനിലിനെ കണ്ടത്. ആശുപത്രിയിലേക്ക് വിട്ടു. ആംബുലൻസിലാണ് സുനിലിന് ബോധം തിരികെക്കിട്ടിയത്. തോളെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തിൽ ചതവും ഉണ്ട്. സുനിലിന് ചികിത്സ നൽകിയശേഷം വീട്ടിലേക്ക് വിട്ടു.