തിരുവനന്തപുരം: നെയ്യാറ്റിന്‍കര സംഭവത്തില്‍ തര്‍ക്കഭൂമി വില കൊടുത്ത് വാങ്ങിക്കൊടുക്കാനുള്ള ബോബി ചെമ്മണ്ണൂരിന്‍റെ ശ്രമത്തെ തള്ളി രാജന്‍റെ മക്കള്‍. വില കൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും മക്കള്‍ പ്രതികരിച്ചു.
പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് നല്‍കാനായി പരാതിക്കാരി വാസന്തിയുടെ കയ്യില്‍ നിന്ന് ഭൂമിയും വീടും ബോബി ചെമ്മണ്ണൂര്‍ വില കൊടുത്ത് വാങ്ങിയിരുന്നു. വീട് പുതുക്കിപ്പണിത് മക്കള്‍ക്ക് കൈമാറുമെന്നം ബോബി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മക്കളുടെ പ്രതികരണം വന്നത്.
ഇന്ന് രാവിലെയായിരുന്നു ഇതുസംബന്ധിച്ച കരാര്‍ എഴുതിയത്. വീട് ഉടന്‍ തന്നെ പുതുക്കിപ്പണിയും. അതുവരെ കുട്ടികളുടെ സംരക്ഷണം ബോബി ഏറ്റെടുക്കുമെന്ന് ബോബിയുടെ മാനേജര്‍ പറഞ്ഞു.
മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യാഗസ്ഥരും പൊലിസും എത്തിയപ്പോഴായിരുന്നു രാജന്‍റെ ആത്മഹത്യാശ്രമം.
ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ദേഹത്തേക്ക് മണ്ണെണ ഒഴിച്ചു അമ്പിളിയേയും കെട്ടിപ്പിടിച്ച് നിന്ന രാജന്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജന്‍റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലിസ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ദേഹത്തേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യയും പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു.