തിരുവനന്തപുരം: ഓഫീസ് സമയത്ത് മറ്റ് പരിപാടികള്‍ പാടില്ലെന്നും സീറ്റിലുണ്ടാകണമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ നിഷേധിച്ച് എന്‍ജിഒ യൂണിയന്‍. യൂണിയന്റെ ഡിഎച്ച്‌എസ് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്‌ട്രേറ്റിലെ ജീവനക്കാരെല്ലാം പോയതോടെ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.
ഓഫീസ് സമയത്ത് മറ്റ് പരിപാടികള്‍ പാടില്ലെന്നും സംഘടനാ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവ മറ്റ് സമയങ്ങളില്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു. ജീവനക്കാര്‍ പ്രവൃത്തിസമയത്ത് സീറ്റിലുണ്ടാകണമെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു.
ഡയറക്‌ട്രേറ്റിലെ ഒന്നും രണ്ടും നിലകളിലെ ചില സെക്ഷനുകളില്‍ ഒഴിഞ്ഞ കസേരകളും വെറുതെ കറങ്ങുന്ന ഫാനുകളും മാത്രം. ചിലയിടത്ത് പേരിന് ജീവനക്കാരുണ്ട്. സ്വീകരണ കേന്ദ്രം പോലും ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. യൂണിയന്റെ ഏരിയ സമ്മേളനം നടക്കുന്ന ഹസ്സന്‍ മരിക്കാര്‍ ഹാളിലാണെങ്കില്‍ വന്‍ തിരക്കും.