പത്തനംതിട്ട : ദേശീയപാത 183-എ യില്‍ ഭരണിക്കാവ് മുതല്‍ മുണ്ടക്കയം വരെയുളള റോഡിന്റെയും ഇലവുങ്കല്‍ ളാഹ മുതല്‍ പമ്പ വരെയുളള റോഡിന്റേയും വികസനത്തിന്റെ രൂപരേഖയുടെ അന്തിമ തീരുമാനത്തിനായി എം.പി., എം.എല്‍.എ ഉള്‍പ്പെടെയുളള ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന പബ്ലിക് കണ്‍സള്‍ട്ടേഷന്‍ യോഗം സെപ്റ്റംബര്‍ 30 വ്യാഴാഴ്ച രാവിലെ 10ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടത്തും.
ഭരണിക്കാവ് മുതല്‍ മുണ്ടക്കയം വരെയുളള ദേശീയപാത 183 എ-യുടെ സാധ്യതാ പഠനം നടത്തിയത് ന്യൂഡല്‍ഹി ആസ്ഥാനമായുളള സ്റ്റപ്പ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. നടപ്പാതയും രണ്ടു വരി റോഡുമാണ് അവര്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. അടൂര്‍, ഓമല്ലൂര്‍ ബൈപ്പാസുകള്‍ ഈ അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇലവുങ്കല്‍ ളാഹ മുതല്‍ പമ്പ വരെയുളള റോഡിന്റെ സാധ്യതാ പഠനം നടത്തിയത് കൊച്ചി ആസ്ഥാനമായുളള കിറ്റ്‌കോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സള്‍ട്ടന്‍സിയുമാണ്.
ഈ റോഡും നടപ്പാതയും രണ്ടു വരി റോഡുമാക്കുന്നതിനുള്ള അലൈന്‍മെന്റ് ഓപ്ഷനുകളാണ് ഈ കണ്‍സള്‍ട്ടന്‍സി സാധ്യതാ പഠനം നടത്തി സമര്‍പ്പിച്ചിട്ടുണ്ട്. ഈ ദേശീയപാതകളുടെ വികസനം പരമാവധി ഒഴിപ്പിക്കല്‍ ഒഴിവാക്കിയും വളവുകള്‍ ഇല്ലാതെയും ഗ്രീന്‍ഫീല്‍ഡ് റോഡുകള്‍ ഉള്‍പ്പെടുത്തിയും നടത്തുവാനുളള സാധ്യതാ പഠനമാണ് കണ്‍സള്‍ട്ടന്‍സികള്‍ നടത്തിയിട്ടുളളത്.