ന്യൂഡല്‍ഹി : ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബ നേതാവ് ഹാഫിസ് സഈദ്, ഹിസ്ബുള്‍ തലവന്‍ സയ്യിദ് സ്വലാഹുദ്ദീന്‍, കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്, ശബീര്‍ ശാ, മസ്രത് ആലം എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ എന്‍ഐഎ കോടതി ഉത്തരവിട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരില്‍ പലരും പാകിസ്താനിലും ചിലര്‍ ഇന്ത്യന്‍ ജയിലുകളിലുമാണ്. ജമ്മു കശ്മീരില്‍ കലാപം വ്യാപിപ്പിക്കാന്‍ തീവ്രവാദികളെയും വിഘടനവാദികളെയും സഹായിച്ചെന്ന സംഭവുമായി ബന്ധപ്പെട്ടാണ് ഈ കേസ്.
ജമ്മു കശ്മീരിലെ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി പാകിസ്താനില്‍ നിന്ന് പണം അയച്ചിട്ടുണ്ടെന്നും നയതന്ത്ര ദൗത്യങ്ങള്‍ പോലും ഹീന ഉദ്ദേശ്യങ്ങള്‍ നടപ്പിലാക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും എന്‍ഐഎ കോടതി പറഞ്ഞു. ഹാഫിസ് സഈദും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി പണം അയച്ചെന്ന് കോടതി വ്യക്തമാക്കി.
കശ്മീര്‍ നേതാവും മുന്‍ എംഎല്‍എയുമായ റാശിദ് എന്‍ജിനീയര്‍, വ്യവസായി സഹൂര്‍ അഹ്‌മദ് ശാ വതാലി, അഫ്‌ത്വാബ് അഹ്‌മദ് ശാ, നഈം ഖാന്‍ തുടങ്ങി നിരവധി പേര്‍ക്കെതിരെ കുറ്റം ചുമത്താനും എന്‍ഐ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. യുഎപിഎ നിയമത്തിനുപുറമെ, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക തുടങ്ങിയ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തും.
സാക്ഷികളുടെ മൊഴികളുടെയും ഡോക്യുമെന്ററി തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഈ പ്രതികളെല്ലാം ഒത്താശയോടെയാണ് തീവ്രവാദികള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും സാമ്പത്തിക സഹായം നല്‍കിയതെന്ന് വ്യക്തമാണെന്ന് എന്‍ഐഎ പ്രത്യേക ജഡ്ജി പ്രവീണ്‍ സിംഗ് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. ഭീകരരുമായും പാക് സ്ഥാപനങ്ങളുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഉത്തരവിലുണ്ട്.
തങ്ങള്‍ക്ക് വ്യക്തിപരമായി വിഘടനവാദ പ്രത്യയശാസ്ത്രമോ അജന്‍ഡയോ ഇല്ലെന്നോ വിഘടനത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്നോ മുന്‍ ജമ്മു കശ്മീരിനെ സര്‍ക്കാരില്‍ നിന്ന് വേര്‍പെടുത്താന്‍ വാദിച്ചിട്ടില്ലെന്നോ വാദത്തിനിടെ പ്രതികളാരും പറഞ്ഞില്ലെന്ന് കോടതി അറിയിച്ചു. ഭീകരര്‍ക്കും അവരുടെ സഹായികള്‍ക്കും ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂവെന്നും ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തുകയായിരുന്നുവെന്നും സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് ഉത്തരവില്‍ പറഞ്ഞു.
ലഷ്‌കര്‍-ഇ-ത്വയ്ബ (എല്‍ഇടി), ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (എച്ച് എം), ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്), ജെയ്‌ഷെ മുഹമ്മദ് (ജെഎം) തുടങ്ങിയ വിവിധ ഭീകര സംഘടനകള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ പിന്തുണച്ചതായി എന്‍ഐഎ പറയുന്നു. ഹവാല ഉള്‍പെടെയുള്ള അനധികൃത മാര്‍ഗങ്ങളിലൂടെയാണ് വിദേശത്ത് നിന്ന് പണം സ്വരൂപിക്കുന്നതെന്നും കോടതി വ്യക്തമാക്കി.