ന്യൂഡൽഹി: കേരളമുൾപ്പെടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ 14 പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യക്തമാക്കി. കേരളം, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ കണ്ണൂർ, മലപ്പുറം, ദക്ഷിണ കന്നഡ, നാസിക്, കോലാപൂർ, മുർഷിദാബാദ്, കതിഹാർ തുടങ്ങിയ ജില്ലകളിലാണ് വീടുകളും ഓഫീസുകളും കേന്ദ്രീകരിച്ച് പരിശോധന നടന്നത്. പരിശോധനയിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയുടെ സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കാനുള്ള നിരോധിത സംഘടനയുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ടായിരുന്നു റെയ്ഡുകളെന്ന് എൻ.ഐ.എ അവകാശപ്പെട്ടു. കണ്ണൂരിലും മലപ്പുറത്തും ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. കണ്ണൂർ സിറ്റിയിൽ നാലുവയലിൽ മുഷ്താഖ്, കൊടപ്പറമ്പിൽ റഷീദ്, പള്ളിപ്പറത്ത് മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. മലപ്പുറത്ത് വേങ്ങര പറമ്പിൽ പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറ മരുതൂർ ചോലയിൽ ഹദീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.