ഡല്‍ഹി : പതിനേഴാം ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിയുമ്പോള്‍ സഭയ്ക്കകത്ത് ഒരക്ഷരം മിണ്ടാതെ ഒമ്പത് എം.പി.മാര്‍. ചലച്ചിത്രതാരങ്ങളായ സണ്ണി ഡിയോളും ശത്രുഘന്‍ സിന്‍ഹയും ഇവരില്‍പെടും. സണ്ണി ഡിയോള്‍ ബി.ജെ.പി.യുടെയും ശത്രുഘന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എം.പി.മാരാണ്. ഒമ്പതുപേരില്‍ ആറുപേരും ബി.ജെ.പി. അംഗങ്ങളാണ്. രണ്ടുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഒരാള്‍ ബി.എസ്.പി.യുടെയും. സണ്ണി ഡിയോള്‍ പഞ്ചാബിലെ ഗുര്‍ദാസ്‌പുരിനെയും ശത്രുഘന്‍ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തെയും പ്രതിനിധാനംചെയ്യുന്നു. 2022-ല്‍ അസന്‍സോളില്‍നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ശത്രുഘന്‍ ലോക്‌സഭയിൽ എത്തിയത്.
രമേശ് ചന്ദപ്പ ജിഗാജിനഗി, ബി.എന്‍. ബച്ചെഗൗഡ, അനന്ത്കുമാര്‍ ഹെഗ്‌ഡെ, വി. ശ്രീനിവാസപ്രസാദ് (നാലുപേരും കര്‍ണാടകം), പ്രധാന്‍ ബറുവ (അസം) എന്നിവരാണ് സഭയില്‍ സംസാരിക്കാത്ത മറ്റു ബി.ജെ.പി. അംഗങ്ങള്‍. തൃണമൂലിലെ ദിവ്യേന്ദു അധികാരിയും ഇപ്പോള്‍ ജയിലിലുള്ള യു.പി.യിലെ ഗോസിയില്‍നിന്നുള്ള ബി.എസ്.പി. അംഗം അതുല്‍കുമാര്‍ സിങ്ങുമാണ് മറ്റുള്ളവർ.