പാലക്കാട് : മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വെൻ്റിലേറ്റർ സൗകര്യത്തോടെയാണ് ആംബുലൻസിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പാലക്കാടും മലപ്പുറത്തുമായി സ്ഥിരീകരിച്ച നിപ കേസുകളിലെ സമ്പർപ്പട്ടിക പുതുക്കി.
425 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് പട്ടികയിൽ. മലപ്പുറത്ത് 12 പേർ ചികിത്സയിലുണ്ട്. 5 പേര്‍ ഐസിയുവിലാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകരും കോഴിക്കോട് 87 ആരോഗ്യപ്രവർത്തകരും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ പനി സര്‍വൈലന്‍സ് നടത്തും.