ന്യൂഡൽഹി: നിര്‍ഭയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടവരെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് ഇതെന്നും സർക്കാർ വ്യക്തമാക്കി. ദയാഹര്‍ജികള്‍ തള്ളിയ ശേഷം പ്രതികള്‍ക്ക് പതിനാല് ദിവസത്തെ നോട്ടീസ് നല്‍കണം. ഇതുകഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ എന്നാണ് ചട്ടമെന്നും ഡല്‍ഹി പോലീസിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. കോടതി പുറപ്പെടുവിച്ച മരണവാറന്‍റിനെതിരെ പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഡല്‍ഹി പോലീസ് തടസം അറിയിച്ചത്. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിര്‍ഭയ കേസില്‍ പ്രതികളില്‍ ഒരാളായ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.
കഴിഞ്ഞ ദിവസം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍.