ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പവന്‍ ഗുപ്തയുടെ ഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പവന്‍ ഗുപ്ത ദയാഹര്‍ജി നല്‍കിയത്.
കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷ ജീവപര്യന്തമാക്കണമെന്നും അപേക്ഷിച്ച് പവന്‍ ഗുപ്ത സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ജസ്റ്റിസ് എന്‍. വി അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് ഹര്‍ജി തള്ളി. ഇതിനു പിന്നാലെയാണ് പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്. വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതികളായ മുകേഷ് കുമാര്‍ സിങും വിനയ് കുമാര്‍ ശര്‍മയും സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു.
മരണ വാറണ്ട് പ്രകാരം നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത് മാര്‍ച്ച് 3-നായിരുന്നു. പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാൻ മുൻപ് പുറപ്പെടുവിച്ചിരുന്ന മരണവാറന്റ് കോടതി സ്‌റ്റേ ചെയ്തത്. ഇതോടെ കേസില്‍ എല്ലാ പ്രതികളുടെയും നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയായി. ദയാഹര്‍ജികള്‍ തളളിയ സാഹചര്യത്തില്‍ വിചാരണക്കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിക്കും. ഇതിന് 14 ദിവസത്തെ താമസം ഉണ്ടാകാനാണ് സാധ്യത.