ന്യൂഡൽഹി: നിർഭയ കേസിലെ വധശിക്ഷ ഫെബ്രുവരി ഒന്നിനു തന്നെ നടത്തുകയാണെങ്കിൽ ദയാഹർജി തള്ളിയതിനെതിരെ പ്രതി മുകേഷ് സിങ് നൽകിയ ഹർജി മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന മുകേഷ് സിങ്ങിന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സിങ്ങിന്റെ വക്കീൽ കോടതിയോട് അഭ്യർഥിച്ചിരുന്നു.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുകേഷ് കുമാര്‍ സിങ് (32) ആണു സുപ്രീം കോടതിയിൽ വീണ്ടും ഹർജി നൽകിയത്. ജനുവരി 17നാണ് മുകേഷ് കുമാർ സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി റാംനാഥ് കോവിന്ദ് തള്ളിയത്. ത്രുഘ്നൻ ചൗഹാൻ കേസിലെ സുപ്രീം കോടതി വിധി അടിസ്ഥാനമാക്കി ആർട്ടിക്കിൾ 32 പ്രകാരമാണു ഹർജി നൽകിയിരിക്കുന്നതെന്ന് മുകേഷ് സിങ്ങിന്റെ അഭിഭാഷകയായ വൃന്ദ ഗ്രോവർ പറഞ്ഞു. ഫെബ്രുവരി ഒന്നിനു രാവിലെ ആറ് മണിക്ക് മുകേഷ് സിങ് ഉൾപ്പെടെയുള്ള നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കണമെന്നാണ് ഉത്തരവ്.