പത്തനംതിട്ട : സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപകല്പന ചെയ്ത്, ഈമാസം അഞ്ചിനു മുഖ്യമന്ത്രി പുറത്തിറക്കിയ പോലീസിന്റെ നിര്‍ഭയം ആപ്പ് പ്രവര്‍ത്തനസജ്ജമായതായി ജില്ലാപോലീസ് മേധാവി പി.ബി. രാജീവ് അറിയിച്ചു. സ്ത്രീകള്‍ക്ക് ഏതുസമയവും യാത്ര ചെയ്യുന്നതിനും ഏതു സാഹചര്യങ്ങളിലും എല്ലാസ്ഥലങ്ങളിലും സുരക്ഷിതരായി കഴിയുന്നതിനും തൊഴില്‍ ചെയ്യുന്നതിനും അനുഗുണമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയ പോലീസിന്റെ ഈ മൊബൈല്‍ അപ്ലിക്കേഷന്‍ തികച്ചും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റ് കവറേജ് ആവശ്യമില്ല എന്നത് പ്രത്യേകതകളില്‍ ഒന്നാണ്. ആപ്പിലൂടെ സന്ദേശങ്ങള്‍, ലൊക്കേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ പോലീസുമായി പങ്കുവയ്ക്കാം. ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലോ, അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന സംശയം ഉണ്ടാകുമ്പോഴോ, ആരെങ്കിലും പിന്തുടരുന്നുണ്ടെന്ന് തോന്നുമ്പോഴോ ആപ്ലിക്കേഷനിലെ ഹെല്പ് ബട്ടണ്‍ അഞ്ചു സെക്കന്റ് സമയം അമര്‍ത്തിപിടിച്ചാല്‍ ഉടനെ പോലീസിന്റെ അടിയന്തിര സഹായം ലഭ്യമാകും. ഫോണ്‍ ഉപയോക്താവിന്റെ ലൊക്കേഷന്‍ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കണ്‍ട്രോള്‍ റൂമിലോ ലഭിക്കുകയും തുടര്‍ന്ന് പോലീസിന്റെ സേവനം ലഭ്യമാവുകയുമാണ് ചെയ്യുന്നത്.
ആക്രമിക്കപ്പെട്ടാല്‍, ആക്രമിയുടെ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാനും അപ്ലോഡ് ചെയ്യാനും കഴിയും. ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. അപ്ലിക്കേഷന്റെ ലിങ്ക് ഇവയാണ്,
https://play.google.com/store/apps/details?id=app.kavacham
https://apps.apple.com/in/app/nirbhayam/id1500908592
കേരള പോലീസ് നല്‍കുന്ന ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യക്കാര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ജില്ലയിലെ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.