മല്ലപ്പള്ളി : ചുങ്കപ്പാറ നിർമ്മല പുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമല തീർഥാടനം വെള്ളിയാഴ്ച നടക്കും. വൈകുന്നേരം മൂന്നിന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കപളളിയിൽ വികാരി ഫാ. വർഗിസ് മാളിയേക്കൽ തീർഥാടകരെ സ്വാഗതം ചെയ്യും. മണിമല ഹോളി മാഗി ഫൊറോന പള്ളി വികാരി ഫാ.ജോർജ് കൊച്ചു പറമ്പിൽ ആമുഖ ശുശ്രൂഷ നിർവഹിക്കും.
ചങ്ങനാശേരി അതിരുപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകി വിശുദ്ധ കുരിശിന്റെ തീർഥയാത്രക്ക് നേതൃത്വം നൽകും. ക്രിസ്തുവിന്റെ പീഢാനുഭവ സ്മരണ ആചരിക്കുന്ന 50 നോമ്പിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി 40-ാം വെള്ളിയാഴ്ചയാണ് കുരിശുമല തിർഥാടനം നടക്കുന്നത്. സീറോ മലബാർ റീത്തിലെ ചങ്ങനാശേരി അതിരുപത, കാഞ്ഞിരപ്പള്ളി രൂപത, സിറോ മലങ്കര റീത്തിലെ തിരുവല്ല അതിരൂപത, ലത്തീൻ റീത്തിലെ വിജയപുരം രൂപതയും മറ്റ് ഇതര ക്രൈസ്തവ സഭയിലെയും വിശ്വാസികൾ കുരിശിന്റെ വഴിയിൽ പങ്കെടുക്കും.
താഴ്‌വാരം മുതൽ മലമുകളിൽ വരെയുള്ള ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുളള പീഢാസഹന സ്ഥലങ്ങളിൽ പ്രാർഥിച്ച് മലമുകളിലെ സമാപന ആശീർവാദത്തിലും നേർച്ചയിലും പങ്കു ചേർന്ന ശേഷമമാണ് വിശ്വാസികൾ മടങ്ങുന്നത്. കുരിശിന്റെ വഴി മല മുകളിൽ എത്തുമ്പോൾ മാർ തോമസ് തറയിൽ സമാപന സന്ദേശം നൽകും.
പെരുമ്പെട്ടി മൗണ്ട് കാർമൽ ലത്തീൻ പള്ളി വികാരി ഫ. സേവ്യർ ചെറുനെല്ലായിൽ സമാപന പ്രാർഥന നടത്തും. ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ കത്തോലിക്കാ പള്ളിയുടെ നേതൃത്വത്തിൽ തീർഥാടകർക്ക് നേർച്ച കഞ്ഞിയും വിതരണം ചെയ്യും. തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവിനർ ജോസി ഇലഞ്ഞിപ്പുറം അറിയിച്ചു.