കോഴിക്കോട്: എന്‍ഐടിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തിയ നടപടി പിന്‍വലിച്ച് എന്‍ഐടി. സ്റ്റുഡന്‍റ്സ് വെല്‍ഫയര്‍ ഡീന്‍ ആണ് നടപടി പിന്‍വലിച്ചതായി ഉത്തരവിറക്കിയത്. പ്രതിഷേധത്തിനിടെ എന്‍ഐടി കാമ്പസില്‍ നാശനഷ്ടം ഉണ്ടായെന്ന് കാണിച്ചാണ് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പിഴത്തുക ചുമത്തിയത്. എന്‍ഐടി ക്യാമ്പസ് ഹോസ്റ്റലുകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെന്നാരോപിച്ചാണ് 2024 മാര്‍ച്ചില്‍ എന്‍ഐടി കാമ്പസ് കവാടങ്ങള്‍ ഉപരോധിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് സെക്യൂരിറ്റി ഓഫീസറുടെ റിപോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓരോരുത്തര്‍ക്കും ആറ് ലക്ഷത്തിലധികം രൂപ പിഴചുമത്തി നടപടി സ്വീകരിക്കുകയായിരുന്നു.
ഡയറക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. പിഴചുമത്തിയതിനെതിരെ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചെങ്കിലും കേസ് പരിഗണിച്ചപ്പോഴൊന്നും മറുപടി നല്‍കാന്‍ എന്‍ഐടി തയ്യാറായില്ല. ഇതിനിടെ പഠനം പൂര്‍ത്തിയായ വിദ്യാര്‍ഥിക്ക് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ബാങ്ക് ഗാരന്‍റി വാങ്ങുകയും ചെയ്തു. ഒടുവില്‍ ഈ വിദ്യാര്‍ഥി നിയമനടപടികള്‍ ആരംഭിച്ചതോടെയാണ് പിഴത്തുക ചുമത്തിയ നടപടി എന്‍ഐടി പിന്‍വലിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി അന്വേഷിക്കുന്നതിനായി രൂപീകരിച്ച എട്ടംഗ സമിതിയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി പിന്‍വലിക്കുന്നതായാണ് കോഴിക്കോട് എന്‍ഐടി സ്റ്റുഡന്‍റ്സ് വെല്‍ഫയര്‍ ഡീന്‍ പുറത്തിറക്കിയ നടപടി പിന്‍വലിച്ച ഉത്തരവില്‍ പറയുന്നത്.