തിരുവനന്തപുരം: നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചിന് ആരംഭിക്കും. 15 വരെ ഒമ്പത് ദിവസത്തെ സമ്മേളനം നിയമനിര്‍മാണത്തിന് മാത്രമായിരിക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. 15-ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണിത്. സമ്മേളന കാലയളവ് നീട്ടണമോയെന്ന് കാര്യോപദേശകസമിതി ചേര്‍ന്ന് തീരുമാനിക്കും. സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസങ്ങളില്‍ പരിഗണിക്കേണ്ട ബില്ലുകളില്‍ സ്പീക്കര്‍ തീരുമാനമെടുക്കും.
കഴിഞ്ഞ സമ്മേളനം അംഗീകരിച്ച സര്‍വകലാശാല നിയമഭേദഗതി ബില്‍, സഹകരണസംഘം ഭേദഗതി ബില്‍, കേരള ലോകായുക്ത ഭേദഗതി ബില്‍, കേരള പബ്ലിക് സര്‍വിസസ് കമീഷന്‍ (വഖഫ് ബോര്‍ഡിന് കീഴിലെ സര്‍വിസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) റദ്ദാക്കല്‍ ബില്‍ എന്നിവക്ക് ഇതേവരെ ഗവര്‍ണറുടെ അംഗീകാരം ലഭിച്ചിട്ടില്ല.
ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. ജനം തെരഞ്ഞെടുത്ത സഭ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഗവര്‍ണറും അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഭ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച അന്താരാഷ്ട്ര പുസ്തകോത്സവവും സാഹിത്യോത്സവവും ജനുവരി ഒമ്ബതുമുതല്‍ 15 വരെ നടക്കുമെന്നും സ്പീക്കര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.