ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും. ഉമ്മന്‍ചാണ്ടി കൂടി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി ലഭിച്ചു. നേതൃത്വം ആര്‍ക്കെന്ന് ഇപ്പോള്‍ ചര്‍ച്ചയാക്കില്ല. മുഖ്യമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നുമാണ് ഹൈക്കമാന്‍ഡ് നിലപാട്.
രമേശ് ചെന്നിത്തല മാത്രം മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടിയുടെ സീറ്റ് മകന് നല്‍കുമെന്നും ഉള്‍പ്പടെയുളള അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി കൂടി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേരുകയായിരുന്നു. തത്ക്കാലം നേതാവ് ആരാണെന്ന ധാരണ വേണ്ട. രണ്ട് നേതാക്കളും മത്സരിച്ച് തെരഞ്ഞെടുപ്പ് വിജയിച്ച് വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്നാണ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കളെ അറിയിച്ചിരിക്കുന്നത്.
പ്രചാരണത്തില്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലുണ്ടാകും. എ കെ ആന്റണി ഉള്‍പ്പടെയുളള മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിനായി കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആന്റണി കേരളത്തിലെത്തും. എല്ലാ ജില്ലകളും സന്ദര്‍ശിച്ച് കേരളത്തില്‍ തന്നെ തങ്ങിയായിരിക്കും ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക.
ഉമ്മന്‍ചാണ്ടി പുതുപ്പളളിയില്‍ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും തന്നെയാകും ജനവിധി തേടുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തന്നെയാണ് യു ഡി എഫിനെ നയിച്ചത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല സ്ഥിതി. രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവ്. ചെന്നിത്തല തന്നെയാണോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ചോദ്യങ്ങളാണ് ഉയര്‍ന്നിരുന്നത്. ആരാണ് യു ഡി എഫിനെ നയിക്കുന്നത്, ലീഗോ അതോ കോണ്‍ഗ്രസോ എന്ന തരത്തിലുളള ചോദ്യങ്ങള്‍ പിണറായി അടക്കമുളളവര്‍ യു ഡി എഫിനെ നോക്കി ഉന്നയിക്കുക കൂടി ചെയ്‌ത സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് വളരെ സജീവമായി കേരളത്തിലെ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നുറപ്പാണ്.