അടൂര്‍ : ഏനാദിമംഗലം പഞ്ചായത്തിലെ ഞക്കാട്ട് പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്. കെപി റോഡില്‍ നിന്നും ഞക്കാട്ട് ഭാഗത്തെ ബന്ധിപ്പിക്കുന്ന പാലമാണിത്. പഞ്ചായത്തിലെ 13, 14 വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണത്തിന് എംഎല്‍എ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ നല്‍കിയതിനൊപ്പം അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിനായി എട്ടു ലക്ഷം രൂപ ഗ്രാമ പഞ്ചായത്തും വകയിരുത്തിയിട്ടുണ്ട്.
മൂന്ന് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു.
പ്രദേശ വാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. ഇതിനു പുറമേ ഏനാദിമംഗലം പഞ്ചായത്തില്‍ മുരുകന്‍കുന്ന് കുടിവെള്ള പദ്ധതിക്ക് ഒന്നര കോടിയും തോട്ടുകടവ് പാലത്തിന് 25 ലക്ഷവും വിവിധ ഗ്രാമീണ റോഡുകള്‍ക്ക് പുതിയ നിര്‍മാണത്തിനും, അറ്റകുറ്റപ്പണിക്കും അടക്കം ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഉടനടി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും എംഎല്‍എ ഉദ്ഘടന പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍.ബി. രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജഗോപാല്‍, ഏനാദിമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. കെ. മോഹന്‍ കുമാര്‍, വാര്‍ഡ് അംഗം എസ്. ബിജു, അശോക് കുമാര്‍, ദീപ, ജി.എസ്. ഉണ്ണിത്താന്‍, ബിനോയ് എന്നിവര്‍ പങ്കെടുത്തു.