കോന്നി : കോന്നി നഗര മധ്യത്തിൽ നിർമ്മാണം നടക്കുന്ന കെ എസ് ആർ റ്റി സി സ്റ്റാൻഡിന് പുറകിലായി എലായിൽ കക്കൂസ് മാലിന്യം തള്ളിയവർക്ക് എതിരെ നടപടി സ്വീകരിക്കാതെ അധികൃതർ. കഴിഞ്ഞ 2 ദിവസങ്ങൾക്ക് മുൻപ് രാത്രിയിൽ ആണ് മാലിന്യം തള്ളിയത് എന്ന് കരുതുന്നു. അസഹനീയമായ ദുർഗന്ധം സഹിക്കാൻ കഴിയാതെ വന്നതോടെ ആണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വിഷയത്തിൽ നടപടി സ്വീകരിക്കണം എന്ന് ആവശ്യപെട്ട് വ്യാപാരികൾ കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ല. മാലിന്യം തള്ളിയതിന് പിന്നാലെ മഴ കൂടി പെയ്തതോടെ ഇത് പ്രദേശം മുഴുവൻ വ്യാപിച്ചു.
വ്യാപാരികൾക്കും കടകളിലെ ജീവനക്കാർക്കും അടക്കം സ്ഥാപനങ്ങളിൽ ഇരുന്ന് ജോലി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. നഗരത്തിൽ രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിംഗ് ശക്തമാക്കണം എന്നും ആവശ്യമുയരുന്നുണ്ട്. കോന്നി നഗരത്തിൽ ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും മാലിന്യങ്ങൾ കൊണ്ടുവന്ന് ഉപേക്ഷിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നുണ്ട്. ഇത്തരം മാലിന്യങ്ങൾ തള്ളുന്നത് ജനവാസ മേഖലകളിൽ ആയതിനാൽ തന്നെ പൊതുജനങ്ങൾക്ക് ഇത് വലിയ ഭീഷണിയായി മാറുകയാണ്. കോന്നി ഗ്രാമ പഞ്ചായത്ത് അടിയന്തിരമായി വിഷയത്തിൽ ഇടപെടണം എന്നും ആവശ്യമുയരുന്നു.