തിരുവനന്തപുരം : ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ റദ്ദാക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. യാത്രക്കാരുടേയും സംസ്ഥാന സർക്കാരിന്റേയും പ്രതിഷേധം കണക്കിലെടുത്താണ് റെയിൽവേയുടെ പുതിയ തീരുമാനം.
തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി സ്‌പെഷ്യലുകളും തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷ്യലുമാണ് ഈ മാസം 12 മുതൽ റദ്ദാക്കാൻ തീരുമാനിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തിൽ യാത്രക്കാർ കുറഞ്ഞുവെന്നാണ് റെയിൽവേ പറഞ്ഞിരുന്നത്.
എന്നാൽ ഇത് ശരിയല്ലെന്ന് മന്ത്രി ജി സുധാകരൻ കേന്ദ്രത്തെ അറിയിച്ചു. കേരളത്തിൽ നിരവധി പേരാണ് ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കുന്നത്. മൂന്ന് ട്രെയിനുകൾ നിർത്തലാക്കുന്നത് പ്രതികൂലമായി ബാധിക്കും. കേരളത്തെ പരിഗണിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.