തിരുവനന്തപുരം : ഭക്ഷ്യ സംസ്കരണ യൂണിറ്റുകളുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ഒരു സ്ഥാപനവും കിൻഫ്രയിൽ അനുവദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പി. രാജീവ്. അഡ്വ. കെ. യു. ജനീഷ് കുമാർ എം.എൽ.എ. നിയമ സഭയിൽ ഉന്നയിച്ച കിൻഫ്ര വ്യവസായ പാർക്കിൽ ആരംഭിക്കാൻ ശ്രമിക്കുന്ന ബയോ മെഡിക്കൽ മാലിന്യ സംസ്ക്കരണ പ്ലാന്റിനെ സംബന്ധിച്ച സബ്മിഷനുള്ള മറുപടിയായാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സഭയിൽ അറിയിച്ചത്. കോന്നി നിയോജക മണ്ഡലത്തിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കിൻഫ്ര വ്യവസായ പാർക്കിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ)യ്ക്ക് ബയോ മെഡിക്കൽ മാലിന്യ സംസ്ക്കരണ പ്ലാൻറ് നിർമ്മിക്കുന്നതിന് 2019 ൽ 5 ഏക്കർ ഭൂമി അനുവദിച്ചിരുന്നു. വ്യവസായ സംരംഭങ്ങൾക്കും ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്കുമായി സ്ഥാപിച്ച കിൻഫ്ര പാർക്കിൽ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത് പാർക്കിലെ മറ്റു വ്യവസായ സംരംഭങ്ങൾക്കും ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾക്കും പാർക്കിന് സമീപത്ത് താമസിക്കുന്ന പൊതുജനങ്ങൾക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് ഏനാദിമംഗലം കിൻഫ്ര പാർക്കിൽ സ്‌ഥാപിക്കുന്നതിൽ നിന്നും കിൻഫ്ര ബോർഡ് പിന്മാറണമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സഭയിൽ പറഞ്ഞു.
നിലവിൽ ബയോ മെഡിക്കൽ മാലിന്യ സംസ്ക്കരണ പ്ലാൻ്റിന്റെ പാരിസ്ഥിതിക ആഘാതം സംബന്ധിച്ചിട്ടുള്ള SEIAA യുടെ ബന്ധപ്പെട്ട അനുമതി ലഭിച്ചിട്ടുണ്ട്. പ്ലാന്റുമായി നിയമപരമായ മറ്റ് അനുമതികളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാങ്ങേണ്ടതുണ്ട്. ഏനാദിമംഗലം കിൻഫ്ര പാർക്കിൽ ധാരാളം വിദേശരാജ്യങ്ങളിൽ വിപണനം ചെയ്യുന്നതിനായി ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റിയയ്ക്കുന്ന ഒട്ടനവധി ഫുഡ് പ്രോസസിങ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ സംസ്കരണ യൂണിറ്റുകളുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ഒരു പുതിയ പദ്ധതികളും കിൻഫ്ര വ്യവസായ പാർക്കിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി നിയമ സഭയിൽ അറിയിച്ചു. പൊതുജനങ്ങളുടെയും വ്യവസായ സംരംഭകരുടെയും ജനപ്രതിനിധികളുടെയും ആശങ്കകൾ പരിഹരിച്ചുകൊണ്ടു മാത്രമേ എനാദിമംഗലം ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിൽ തുടർ നടപടികൾ സ്വീകരിക്കുകയുള്ളുവെന്നും മന്ത്രി നിയമ സഭയിൽ പറഞ്ഞു.