തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം തടസപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കസ്റ്റംസ് അന്വേഷണത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കണം. കസ്റ്റംസിന് കത്ത് നല്‍കിയത് ചട്ടം സൂചിപ്പിച്ചെന്നും സ്പീക്കര്‍. സെക്രട്ടേറിയറ്റിന്‍റെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടായിരിക്കണം അന്വേഷണമെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറുടെ അനുമതി ഇല്ലാതെ നോട്ടിസ് നല്‍കാനാവില്ലെന്നും സഭാ വളപ്പില്‍ ഉള്ളവര്‍ക്ക് പരിരക്ഷയുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. പ്രചരിക്കുന്ന വാര്‍ത്തകളില്‍ വസ്തുത ഇല്ലെന്നും പി ശ്രീരാമകൃഷ്ണന്‍. പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അതിനോടൊന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ നടക്കാന്‍ പോകുന്ന നിയമസഭാ സമ്മേളനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. നാളെ രാവിലെ 9 മണിക്കായിരിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനം. നാല് മാസ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. വോട്ടിംഗ് സംവിധാനം ഡിജിറ്റിലാക്കും. വൈഫൈ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. അതേസമയം പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിനാണ് നാളെ തുടക്കമാവുന്നത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സ്വര്‍ണക്കടത്ത് മുതല്‍ സ്പീക്കര്‍ക്കെതിരായ ആരോപണങ്ങള്‍ വരെ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്.
സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ എം ഉമ്മര്‍ നല്‍കിയ നോട്ടീസ് സഭ പരിഗണിക്കുമെന്നാണ് വിവരം. 14 ദിവസത്തെ നോട്ടിസ് നല്‍കണമെന്ന വ്യവസ്ഥ പാലിച്ചാണ് ഇക്കുറി എം ഉമ്മര്‍ നോട്ടിസ് നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ആധികാരിക ജയത്തിന്റെ പിന്‍ബലവുമായാണ് ഭരണപക്ഷം സഭയിലെത്തുന്നത്. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ജനം തള്ളിക്കളഞ്ഞതെന്നാകും സര്‍ക്കാര്‍ വാദം. വിവിധ വിഷയങ്ങളില്‍ സഭാ സമ്മേളനം പ്രക്ഷുബ്ധമാകും. 15നാണ് സംസ്ഥാന ബജറ്റ് അവതരണം.