പത്തനംതിട്ട : സംസ്‌ഥാനത്ത് സ്‌കൂള്‍ ഉച്ചഭക്ഷണം പദ്ധതി മുടങ്ങാതെ കൊണ്ടുപോകുന്നതിന് പ്രധാന അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നത് വലിയ ശിക്ഷ. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ഉച്ചഭക്ഷണ തുക രണ്ടുമാസമായി ലഭിക്കുന്നില്ല. ഓണത്തിന് മുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയും അസ്‌തമിച്ചു. സ്വന്തം പോക്കറ്റില്‍ നിന്ന് മുടക്കിയും സ്‌കൂള്‍ പി.ടി.എയില്‍ നിന്ന് ചെലവഴിച്ചുമാണ് പദ്ധതി നടത്തുന്നത്. കടക്കെണിയിലായ പ്രധാന അദ്ധ്യാപകര്‍ക്ക് ഇത്തവണ വറുതിയുടെ ഓണമാണ്. കിട്ടുന്ന ശമ്പളം കടകളിലെ കുടിശിക തീര്‍ക്കാനും പാചക തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാനുമായി വീതിക്കേണ്ട സ്‌ഥിതിയായി. അദ്ധ്യയന വര്‍ഷം ആരംഭിച്ച ജൂണ്‍ മാസത്തെ തുക ലഭിച്ചത് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്.
ജൂലായ്, ഓഗസ്‌റ്റ് മാസങ്ങളിലെ തുക ലഭിക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ആവശ്യപ്പെട്ടപ്പോഴാണ് തുക ലഭിച്ചത്. ഈ വര്‍ഷം ഓണമായിട്ടും പണം കിട്ടാതെ വന്നതോടെ സംഘടനകള്‍ സെക്രട്ടേറിയറ്റ് സമരം ഉള്‍പ്പെടെ പ്രക്ഷോഭം നടത്തിയിരുന്നു. മുട്ടയും പാലും ഉച്ചഭക്ഷണവും നല്‍കുന്നതിന് പ്രധാന അദ്ധ്യാപകര്‍ മുന്‍കൂറായി പണം ചെലവഴിക്കുകയാണ്. ജില്ലയില്‍ മാത്രം 14 കോടിയിലേറെ സര്‍ക്കാരില്‍ നിന്ന് കിട്ടാനുണ്ടെന്ന് പ്രധാന അദ്ധ്യാപകര്‍ പറയുന്നു. സംസ്‌ഥാനത്താകെ 200 കോടിക്കടുത്താണ് കുടിശിക. സാധനങ്ങള്‍ക്ക് വിപണിയില്‍ വലിയ വിലയാണ്. മുട്ടയ്‌ക്കും പാലിനും പച്ചക്കറിക്കും വിപണിയില്‍ ഈടാക്കുന്ന വിലയല്ല ഉച്ചഭക്ഷണ തുകയായി സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. വിപണി നിരക്കിലും താഴെയുള്ള തുകയാണ് സര്‍ക്കാര്‍ നിശ്‌ചയിച്ചിരിക്കുന്നത്. ബാക്കി തുക പ്രധാന അദ്ധ്യാപകര്‍ കൈയില്‍ നിന്ന് ചെലവാക്കുന്നു. വിപണി വിലയനുസരിച്ച് തുക ലഭ്യമാക്കണമെന്ന ആവശ്യം ശക്‌തമായപ്പോള്‍ നാമമാത്ര വര്‍ദ്ധനവാണ് അനുവദിച്ചത്. നേരത്തെ ഒരു കുട്ടിക്ക് എട്ട് രൂപയായിരുന്നു. ഉച്ചഭക്ഷണം മുടങ്ങുമെന്നായപ്പോള്‍ 2.23രൂപ കൂട്ടി. ജില്ലയിലെ പ്രധാന അദ്ധ്യാപകര്‍ക്ക് ലഭിക്കാനുള്ള തുക 14.28 കോടിയാണ്. ഒരു മുട്ടയ്‌ക്ക് വിപണിയില്‍ ഏഴു രൂപയാണ്. സര്‍ക്കാര്‍ നല്‍കുന്നത് ആറു രൂപയാണ്. ഒരു ലിറ്റര്‍ പാലിന് വിപണിയില്‍ 56രൂപ, സര്‍ക്കാര്‍ നിരക്ക് 52 രൂപയാണ്. തുക അനുവദിച്ചു കിട്ടിയില്ലെങ്കില്‍ പ്രധാന അദ്ധ്യാപകരുടെ ഓണം ദുരിതത്തിലാകും. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം കേരള ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.