തിരുവനന്തപുരം : ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ല എന്ന വിരോധത്താല്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശികളായ അനീഷ്, ആര്യ എന്നിവര്‍ക്കാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കരിക്കകം സ്വദേശികളായ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. അനീഷിനും ഭാര്യയ്ക്കും കരിക്കകം പമ്പ് ഹൗസിനു സമീപം ഉള്ള 10 സെന്റില്‍ നിന്നും 3 സെന്റ് സ്ഥലം ക്ഷേത്രം പണിയാന്‍ ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ ഇവരെ സമീപിച്ചിരുന്നു. എന്നാല്‍ ഭൂമി വില്‍ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നും മൂന്നു സെന്റ് ആയി കൊടുക്കുവാന്‍ താല്പര്യമില്ലെന്നും ഇവരോട് പറഞ്ഞു. മുഴുവന്‍ വസ്തുവും മാര്‍ക്കറ്റ് വിലയ്ക്ക് തരാന്‍ തയ്യാറാണെന്നും അന്ന് അവരോട് പറഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ 13-ാം തീയതി ഒരു സംഘം പുരയിടത്തില്‍ അതിക്രമിച്ചു കയറുകയും വിളക്ക് സ്ഥാപിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട അനീഷ് പേട്ട പോലീസില്‍ പരാതി നല്‍കി. വസ്തുവിന്റെ രേഖകള്‍ പരിശോധിച്ച പേട്ട പോലീസ് അനീഷിന്റെ വസ്തുവില്‍ കയറരുതെന്ന് എതിര്‍വിഭാഗത്തോട് പറഞ്ഞു നോട്ടീസ് നല്‍കി വിട്ടയച്ചു. എന്നാല്‍ പിറ്റേദിവസം വീണ്ടും ഇവര്‍ വസ്തുവില്‍ അതിക്രമിച്ചു കയറി വിളക്കു കത്തിച്ച് പൂജ നടത്തി. തുടര്‍ന്ന് അനീഷ് കോടതിയെ സമീപിച്ചു. 17-ാം തീയതി കോടതി ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ച് കമ്മീഷനെയും വെച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി കോടതിയുടെ ഓര്‍ഡര്‍ വകവെയ്ക്കാതെ സംഘം വീണ്ടും വസ്തുവില്‍ അതിക്രമിച്ചു കയറി വിളക്ക് കത്തിക്കാന്‍ തുടങ്ങി. ഇന്നലെ പുരയിടത്തില്‍ ഗേറ്റ് സ്ഥാപിക്കാന്‍ അനീഷും ഭാര്യ ആര്യയും ഭാര്യയുടെ പിതാവും കൂടി എത്തിയപ്പോള്‍ രാജേന്ദ്രന്‍ അടക്കമുള്ള സംഘം ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ വീഡിയോ അനീഷ് മൊബൈലില്‍ ചിത്രീകരിച്ചു തുടര്‍ന്ന് പേട്ട പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐഎസ്ആര്‍ഒ യിലെ ഉദ്യോഗസ്ഥനാണ് അനീഷ്.