തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടിട്ട് നാളെ 150 ദിവസം തികയും. ഫെബ്രുവരി 9നായിരുന്നു അദ്ദേഹം അവസാനം വാര്‍ത്താസമ്മേളനം നടത്തിയത്. വിദേശ യാത്ര കഴിഞ്ഞെത്തുമ്പോള്‍ സന്ദര്‍ശനത്തിന്‍റെ നേട്ടങ്ങള്‍ പറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തുന്ന പതിവും ഇത്തവണ തെറ്റി. ഫെബ്രുവരി 9ന് നിയമസഭാ സമ്മേളനം നടക്കുന്ന സമയത്താണ് മുഖ്യമന്ത്രി അവസാനം മാധ്യമങ്ങളെ കണ്ടത്. ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരമായിരുന്നു വിഷയം. അദാനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിഴിഞ്ഞം തുറമുഖത്തെ ബാധിക്കുമോ എന്നതായിരുന്നു അദ്ദേഹം അവസാനം നേരിട്ട ചോദ്യം.
പിന്നെയങ്ങ് മുഖ്യമന്ത്രി മറുപടി പറയേണ്ട വിവാദങ്ങളുടെ നിരതന്നെ ഉയര്‍ന്നുവന്നു. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, കെ ഫോണ്‍ വിവാദം, ലോകകേരള സഭയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, എസ്.എഫ്.ഐക്കാര്‍ പ്രതികളായ വ്യാജസര്‍ട്ടിഫിക്കറ്റ് കേസുകള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ ഇങ്ങനെ നീളുന്നു. കെ ഫോണിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു പ്രതിപക്ഷത്തിന് മറുപടി. ഏപ്രില്‍, മേയ് മാസങ്ങളിലായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും യോഗങ്ങളില്‍ പങ്കെടുത്ത് സുദീര്‍ഘമായി പ്രസംഗിച്ചിരുന്നു. പിന്നാലെ വിദേശയാത്ര.
അമേരിക്ക, ക്യൂബ രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയിട്ട് മൂന്നാഴ്ച കഴിഞ്ഞു. സി.പി.എം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെ കാണുന്ന ഏക വ്യക്തിനിയമത്തില്‍ പോലും ഫെയ്സ് ബുക്ക് പോസ്റ്റ് വഴിയായിരുന്നു പ്രതികരണം. ശബ്ദത്തിന് പ്രശ്നമുണ്ടെന്നും വൈകാതെ വാര്‍ത്താസമ്മേളനമുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രിയോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിനിടയിലും ചില പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം സംസാരിക്കുന്നുണ്ട്. ഇന്നലെ മസ്കറ്റ് ഹോട്ടലില്‍ നടന്ന പുസ്തക പ്രകാശനത്തിലും പങ്കെടുത്തിരുന്നു.