പന്തളം : പന്തളം നഗരസഭാ ബസ്‌സ്റ്റാൻഡിനോടുചേർന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടമുറികളാണ് കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലുള്ളത്. വാടകക്കുടിശ്ശിക അടയ്ക്കാത്തതിന്റെയും കരാർ പുതുക്കാത്തതിന്റെയുംപേരിൽ ഇപ്പോൾ കടമുറികൾ നഗരസഭാ അധികാരികൾ പൂട്ടിയിട്ടിരിക്കുകയാണ്.
മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് അടർന്നുവീണും ഭിത്തികൾ വിണ്ടുകീറിയും തകർന്നുവീഴാറായ അവസ്ഥയിലാണ് നഗരസഭാ കെട്ടിടങ്ങൾ. ജീർണാവസ്ഥയിലായ കമ്യൂണിറ്റി ഹാൾ 2018-ൽ പൊളിച്ചുനീക്കിയിരുന്നു. എൻജിനീയറിങ് വിഭാഗം അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകി മൂന്ന് വർഷത്തിനുശേഷമായിരുന്നു നടപടി.
കെട്ടിടത്തിന്റെ ചോർച്ചകാരണം പല വ്യാപാരികളും മുകളിൽ ഷീറ്റ് വിരിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ മുകൾഭാഗത്തെ കൈവരി ജീർണിച്ച് അടർന്നു വീഴാറായിരിക്കുകയുമാണ്. 1988-ൽ പണിത കമ്യൂണിറ്റിഹാളിന് താഴ്ഭാഗത്തുള്ളതാണ് കുറച്ച് കടമുറികൾ. ബാക്കിയുള്ളവയ്ക്ക് അതിലും പഴക്കമുണ്ട്. കമ്യൂണിറ്റി ഹാളും പഴയ കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഷോപ്പിങ് കോംപ്ലക്‌സ് പണിയാൻ പഞ്ചായത്തായിരുന്ന കാലം മുതൽ ബജറ്റിൽ പണം വകയിരുത്തിത്തുടങ്ങിയതാണ്. ഇതുവരെ ഇതിനുള്ള പ്രാരംഭനടപടികൾപോലും ആയിട്ടില്ല.