ഏഴംകുളം : പഞ്ചായത്തിലെ ഹരിതകർമസേന വീടുകളിൽ നിന്ന് എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു വെയ്ക്കുന്ന എംസിഎഫിലും മിനി എംസിഎഫുകളിലും വേണ്ട സ്ഥല സൗകര്യമില്ലാത്തതിനാൽ എംസിഎഫുകൾ നിറഞ്ഞു കവിഞ്ഞു പുറത്തേക്കു മാലിന്യം കുന്നു കൂടുന്നു. ഹരിതകർമസേന ഓരോ വാർഡുകളിലെയും വീടുകളിൽ നിന്ന് എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യം വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്ന മിനി എംസിഎഫുകളിലാണ് ആദ്യം ശേഖരിച്ചു വെയ്ക്കുന്നത്. ഇതു പിന്നീട് എംസിഎഫായി ഇപ്പോൾ ഉപയോഗിക്കുന്ന കൈതപ്പറമ്പിലുള്ള കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തിക്കാതെ കിടക്കുന്ന ഉപകേന്ദ്രത്തിന്റെ കെട്ടിടത്തിലേക്കു മാറ്റും.
ഇവിടെ നിന്നാണു ക്ലീൻ കേരള കമ്പനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുപോകുന്നത്. എന്നാൽ എംസിഎഫിലും മിനി എംസിഎഫുകളിലും സ്ഥല സൗകര്യം ആവശ്യത്തിന് ഇല്ലാത്തതിനാൽ ഇതു രണ്ടും നിറഞ്ഞു കവിഞ്ഞു മാലിന്യങ്ങൾ ഇതിനു പുറത്തേക്കു കുമിഞ്ഞു കൂടുകയാണ്. എംസിഎഫ് നിറയുമ്പോൾ ക്ലീൻ കേരള കമ്പനി യഥാസമയം എടുത്തു കൊണ്ടുപോകാത്തതിനാലാണു നിറഞ്ഞു കവിഞ്ഞു പുറത്തേക്കു മാലിന്യം കുമിഞ്ഞു കൂടാൻ കാരണം. ഇതു പോലെ തന്നെ എംസിഎഫിൽ സ്ഥലമില്ലാത്ത സ്ഥിതി വരുമ്പോൾ മിനി എംസിഎഫുകളിലെ മാലിന്യം മാറ്റാൻ പറ്റാത്ത സ്ഥിതി ഉണ്ടാവുകയും അവിടേയും പുറത്തേക്കു മാലിന്യം കുമിഞ്ഞു കൂടുകയും ചെയ്യുകയാണ്.