ചെന്നൈ: ടോൾ ബൂത്തിൽ ശുചിമുറി സൗകര്യം ഒരുക്കാത്തതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് 12,000 രൂപ പിഴ ചുമത്തി ഉപഭോക്തൃകോടതി. വെല്ലൂർ സ്വദേശി ഇസ്മായിൽ എന്നയാൾക്കാണ് തുക നൽകേണ്ടത്. ചെന്നൈയ്ക്കടുത്ത സൂരപ്പേട്ട് ടോൾ പ്ലാസയിൽ വിശ്രമിക്കാൻ ഇടമോ ശുചിമുറിയോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്മയിൽ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. 2024 ഓഗസ്റ്റിൽ ചെന്നൈയിലേക്ക് കാറിൽ വരുകയായിരുന്ന ഇസ്മയിൽ ടോൾ നിരക്കുനൽകിയ ശേഷം ശുചിമുറിയിൽ പോകണമെന്നറിയിച്ചു. ജീവനക്കാരുടെ നിർദേശ പ്രകാരം ഒരു കിലോമീറ്റർ കൂടി സഞ്ചരിച്ച് മറ്റൊരിടത്ത് എത്തിയപ്പോൾ ശുചിമുറി പൂട്ടിയിരിക്കുകയായിരുന്നു.
തീരിച്ചുവന്ന് ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും അവർ കേട്ടതായി ഭാവിച്ചില്ല. പിന്നീട് ഇസ്മയിൽ ദേശീയപാതാ അതോറിറ്റിക്കെതിരേ ചെന്നൈ നോർത്ത് ജില്ലാ ഉപഭോക്തൃകോടതിയിൽ പരാതി നൽകി. നിയമപ്രകാരമുള്ള സേവനങ്ങൾ ഒരുക്കാത്ത ദേശീയപാതാ അതോറിറ്റിയെ വിമർശിച്ച കോടതി ടോൾ പ്ലാസകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വികലാംഗർക്കും പ്രത്യേക എന്തുകൊണ്ട് സൗകര്യങ്ങൾ ഒരുക്കുന്നില്ല എന്നു ചോദിച്ചു. സേവനത്തിലെ പോരായ്മ മൂലം മാനസിക വിഷമതകളും ഉണ്ടായതിന് ഇസ്മയിലിന് നഷ്ടപരിഹാരമായി 10,000 രൂപ നൽകാനും കോടതി ചെലവുകൾക്കായി 2000 രൂപയും നൽകാൻ ഉത്തരവിടുകയായിരുന്നു.