തിരുവല്ല : എം.സി റോഡിൽ രാത്രികാലങ്ങളിൽ നടക്കുന്ന മിക്ക അപകടങ്ങൾക്കും കാരണം വെളിച്ചമില്ലാത്തത്. വഴിവിളക്കുകൾ പ്രകാശിക്കാത്ത എം.സി റോഡിലൂടെ രാത്രി പോകുന്നത് യാത്രക്കാർക്ക് ഭീതിയായിരിക്കുകയാണ്. അപകടങ്ങൾ കുറയ്ക്കാൻ എം.സി റോഡിൽ പദ്ധതി തയ്യാറാക്കിയിട്ടും വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടിയുണ്ടായില്ല. വെളിച്ചമില്ലാത്ത റോഡിൽ ഡിം അടിക്കാതെ എതിരെ വരുന്ന വാഹനങ്ങളും അപകടമുണ്ടാക്കുന്നു. എം.സി. റോഡിന്റെ നിർമ്മാണത്തിനൊപ്പം സ്ഥാപിച്ച വഴിവിളക്കുകൾ തകരാറിലായിട്ട് വർഷങ്ങളായെങ്കിലും അധികൃതർ ഇതുവരെയും തിരിഞ്ഞുനോക്കിയിട്ടില്ല.
ഇതുകാരണം രാത്രിയിൽ കൂരിരുട്ടാണ്. വാഹനത്തിന്റെ വെളിച്ചത്തിൽ യാത്ര ചെയ്യുമ്പോൾ ദൂരക്കാഴ്ച ലഭിക്കാത്തതിനാൽ മിക്കപ്പോഴും അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്. അടൂർ-പന്തളം-ചെങ്ങന്നൂർ-തിരുവല്ല-മൂവാറ്റുപുഴ എം.സി. റോഡിൽ നിരവധി വഴിവിളക്കുകളാണ് തകരാറിലായിരിക്കുന്നത്. എം.സി റോഡ് ഏഴുവർഷം മുൻപ് ഉന്നത നിലവാരത്തിൽ നവീകരിച്ചപ്പോൾ കെ.എസ്.ടി.പി സ്ഥാപിച്ച വഴിവിളക്കുകളാണിത്. സ്ഥാപിച്ച ആദ്യവർഷം ഇവയിൽ മിക്കവയും പ്രവർത്തിച്ചിരുന്നു. ഇടിഞ്ഞില്ലം മുതൽ കുറ്റൂരിൽ വരട്ടാർ പാലം വരെ നൂറോളം സൗരോർജ വിളക്കുകളാണ് സ്ഥാപിച്ചത്. ഇതിൽ ഒന്നുപോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.