കണ്ണൂര്‍: നാട്ടുകാരെ ഭീതിയിലാഴ്ത്തി ‘അജ്ഞാതൻ’. ബനിയനും മാസ്കും അടിവസ്ത്രവും മാത്രമാണ് ധരിക്കുന്നത് കൂടാതെ ശരീരത്തില്‍ കരി ഓയിലും പുരട്ടും. മുഖമൂടി ധരിച്ചെത്തി ബ്ലാക്ക്മാനെപ്പോലെ തോന്നുന്ന ഇയാള്‍ രാത്രി സമയങ്ങളിലാണ് പുറത്തിറങ്ങുന്നത്. അത്ഭുതമെന്തെന്നാല്‍ ഇയാള്‍ ഇതുവരെ ആള്‍ക്കാരെ ഉപദ്രവിക്കുകയോ, മോഷണം നടത്തുകയും ചെയ്തട്ടില്ല എന്നതാണ്. രാത്രികാലങ്ങളില്‍ ഇയാള്‍ വീടുകളുടെ കതകിലും ജനാലകളിലും മുട്ടും. അര്‍ധരാത്രിയും പുലര്‍ച്ചെയും നാട്ടിലാകെ കറങ്ങും. അടുത്തിടെയായി അജ്ഞാതനെ കണ്ട് പേടിച്ചവരേറെയാണ്. രാത്രി ചായ കുടിച്ച് വെള്ളം പുറത്തേക്ക് ഒഴിക്കുമ്ബോഴാണ് പ്രദേശവാസിയായ കുഞ്ഞമ്മ അജ്ഞാതനെ കാണുന്നത്.
അലറി വിളിച്ചതോടെ രൂപം ഓടി. ജനലിലേക്ക് മുഖം വെച്ച് തുറിച്ച് നോക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടതെന്ന് പ്രദേശവാസിയായ കുഞ്ഞമ്മ പറയുന്നു. വീടിന് മുറ്റത്തെ ടാപ്പുകള്‍ തുറന്നിടുന്ന ബ്ലാക്ക് മാൻ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികള്‍ മടക്കി വയ്ക്കുന്നുമുണ്ട്. ഇതുവരെ പ്രദേശത്ത് ഇയാള്‍ മോഷണം നടത്തിയിട്ടില്ലെന്നും ആളുകളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടക്കത്തില്‍ നാട്ടുകാര്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ അജ്ഞാതനെ കാണുന്നത് പതിവായതോടെ ആളെ പിടികൂടാനിറങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. രാത്രി മുഴുവൻ ഉറക്കമൊഴിച്ച് തെരച്ചിലാണ് ഇപ്പോള്‍. അജ്ഞാതൻ ഇനിയുമിറങ്ങിയാല്‍ പിടിക്കാൻ ആലക്കോട് പൊലീസും നിരീക്ഷണത്തിലാണ്.