ഇന്ത്യൻ ടെലിക്കോം രംഗത്തെ അതികായനാണ് റിലയൻസ് ജിയോ. ടെലിക്കോം രംഗത്ത് മാത്രമല്ല മൊബൈൽ നിർമാണ മേഖലയിലും ആധിപത്യം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അടുത്തകാലത്തായി ജിയോ ശക്തിപ്പടുത്തി വരുന്നുണ്ട്. അതിന്റെ ഭാഗമായി യുപിഐ പേയ്മെന്റ് സൗകര്യം അടക്കം ലഭ്യമാകുന്ന ഫീച്ചർ ഫോണുകൾ കുറഞ്ഞ വിലയിൽ ജിയോ അവതരിപ്പിക്കുകയുണ്ടായി. എതാണ്ട് 999 രൂപ വിലയിലാണ് ജിയോ തങ്ങളുടെ ജിയോഭാരത് ഫോൺ പുറത്തിറക്കിയത്. എന്നാലിപ്പോൾ ജിയോയുടെ ജിയോ ഭാരത് ഫീച്ചർ ഫോണുകൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് നോക്കിയ പുത്തൻ ഫീച്ചർ ഫോൺ അവതരിപ്പിച്ചിരിക്കുകയാണ്. നോക്കിയ 105 ക്ലാസിക് (Nokia 105 Classic) എന്നാണ് ഈ ഫീച്ചർ ഫോണിന്റെ പേര്.
വർഷങ്ങളുടെ പഴക്കവും പാരമ്പര്യവും അവകാശപ്പെടാൻ അർഹതയുള്ള വമ്പൻ ബ്രാൻഡ് നെയിം ആണ് നോക്കിയ എന്നത്. ഒരുകാലത്ത് നോക്കിയ ഫോണുകളായിരുന്നു ഇന്ത്യൻ മൊബൈൽ വിപണി ഭരിച്ചിരുന്നത്. അന്നു നേടിയ സൽപ്പേരിന്റെ കീർത്തി ഇന്നും നോക്കിയയുടെ ഫീച്ചർ ഫോണുകൾക്കുണ്ട്. ഇന്ന് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് സ്മാർട്ട്ഫോണുകളാണ്. നോക്കിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും വിപണിയിൽ അത്ര വലിയ താരമല്ല. പക്ഷേ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതോടൊപ്പം തന്നെ ഒരു ഫീച്ചർ ഫോണും ഉപയോഗിക്കുന്ന ധാരാളം പേരുണ്ട്. കൂടാതെ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ താൽപര്യമില്ലാത്തതിനാൽ ഫീച്ചർ ഫോണുകൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരും ധാരാളം. അങ്ങനെയുള്ള ഫീച്ചർ ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡ് ഇപ്പോഴും നോക്കിയ തന്നെയാണ്. മറ്റ് ബ്രാൻഡുകളും ഫീച്ചർ ഫോണുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും നോക്കിയ ഫോണുകളുടെ ജനപ്രീതി ഒന്നു വേറെതന്നെയാണ്.
നോക്കിയ ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ സ്ഥാനം കൈയടക്കി ഫീച്ചർ ഫോൺ വിൽപ്പനയിൽ പുതിയ ഉയരങ്ങൾ കുറിക്കാൻ ലക്ഷ്യമിട്ടാണ് ജിയോ ജിയോഭാരത് സീരീസിൽ ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചുതുടങ്ങിത്. എന്നാലിപ്പോൾ ജിയോഭാരത് ഫോണുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് നോക്കിയയുടെ പുതിയ 105 ക്ലാസിക് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഒരു ബിൽറ്റ്-ഇൻ യുപിഐ ആപ്ലിക്കേഷൻ സഹിതമാണ് ഈ ഫോൺ എത്തുന്നത്. ജിയോയും തങ്ങളുടെ ഫോണിൽ ഈ സൗകര്യം സജ്ജീകരിച്ചിരുന്നു. സ്മാർട്ട്ഫോൺ ഇല്ലാതെ തന്നെ സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും യുപിഐ പേയ്മെന്റ് ഇടപാടുകൾ നടത്താൻ പുതിയ നോക്കിയ 105 ക്ലാസിക്ക് സഹായിക്കും.