എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നാമനിര്‍ദ്ദേശ പത്രികകളുടെയും പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകളുടെയും അച്ചടി പൂര്‍ത്തിയായി. വരണാധികാരികള്‍ക്കും ഉപവരണാധികള്‍ക്കുമുള്ള പരിശീലനവും പൂര്‍ത്തിയായി. തിരഞ്ഞെടുപ്പു യന്ത്രങ്ങളുടെ പരിശോധന അവസാന ഘട്ടത്തിലാണ്.
കാക്കനാട് ഗവണ്‍മെന്റ് പ്രസില്‍ അച്ചടി പൂര്‍ത്തിയാക്കിയ നാമനിര്‍ദ്ദേശ പത്രികകള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കളക്ടര്‍ക്കു കൈമാറി. നവംബര്‍ 9 മുതല്‍ ഇത് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കും. പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകളുടെയും മത്സരാര്‍ത്ഥികള്‍ക്കുള്ള ലഘുലേഖകളുടെയും അച്ചടിയും പൂര്‍ത്തിയായി.
വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും. പരിശോധനയുടെ ഭാഗമായുള്ള മോക്ക് പോളിംഗ് നവംബര്‍ 7 ന് ഉച്ചക്ക് രണ്ടിന് കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോമില്‍ നടക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക്ക് പോളിംഗ് നടക്കുക.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന മാസ്റ്റര്‍ ട്രയിനര്‍മാര്‍ക്കുള്ള പരിശീലനം നവംബര്‍ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബ്ലോക്ക്, മുനിസിപ്പല്‍ തലത്തിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ജില്ലയിലെ 82 പഞ്ചായത്തുകളിലേക്കും 14 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 13 മുനിസിപ്പാലിറ്റികളിലേക്കും ഒരു കോര്‍പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.