പത്തനംതിട്ട : ചെങ്ങറയിലെ റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്തു തുടങ്ങി. കൊറോണക്കാലത്ത് ആരും പട്ടിണികിടക്കാന്‍ ഇടവരരുത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് റേഷന്‍ വിതരണത്തിന് സിവില്‍സപ്ലൈസ് വകുപ്പ് അടിയന്തിര നടപടി സ്വീകരിച്ചത്. കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍കുമാറും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങിയ സംഘമാണ് ചെങ്ങറയിലെ റേഷന്‍കടയിലൂടെ റേഷന്‍വിതരണം തുടങ്ങിയത്. ഏപ്രില്‍ ഒന്നു മുതല്‍ ജില്ലയില്‍ എല്ലായിടത്തും റേഷന്‍കടകളിലൂടെ സൗജന്യറേഷന്‍ വിതരണം ആരംഭിക്കും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരേ സമയം അഞ്ചു പേരില്‍ കൂടുതല്‍ റേഷന്‍വാങ്ങാന്‍ എത്തരുത്. ഇതിലേക്കായി, മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്ക് (മുന്‍ഗണനാകാര്‍ഡുകള്‍) രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും നീല, വെള്ള കാര്‍ഡുകള്‍ക്ക് (പൊതുവിഭാഗം കാര്‍ഡുകള്‍) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയും റേഷന്‍ വാങ്ങുന്നതിനായി സമയക്രമീകരണം നടത്തിയിട്ടുണ്ട്. ടോക്കണ്‍ സമ്പ്രദായവും ഉണ്ടാവും. വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും ഒരേസമയം അഞ്ചു പേരില്‍ കൂടുതല്‍ റേഷന്‍കടയിലെത്തുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
സൗജന്യ റേഷന്‍ വിതരണത്തിന്റെ നിരക്ക്: എ.എ.വൈ.(മഞ്ഞ), പി.എച്ച്.എച്ച്(പിങ്ക്) കാര്‍ഡുകള്‍ക്ക് നിലവിലുള്ള റേഷന്‍വിഹിതം തന്നെ സൗജന്യമായി. സബ്‌സിഡി(നീല), നോണ്‍-സബ്‌സിഡി(വെള്ള) എന്നീ പൊതുവിഭാഗം കാര്‍ഡുകള്‍ക്ക് 15 കിഗ്രാം അരി വീതം സൗജന്യമായി.
റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും സൗജന്യറേഷന്‍ നല്‍കും. എന്നാല്‍, ഇതിനായി ആധാര്‍നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ത്ത ഒരു സത്യവാങ്മൂലം കടയില്‍ കൊടുത്താല്‍ മതി. അര്‍ഹതയില്ലെന്ന് പിന്നീട് കണ്ടെത്തിയാല്‍ വാങ്ങിയ സാധനങ്ങളുടെ മാര്‍ക്കറ്റ് വിലയുടെ ഒന്നരയിരട്ടി പിഴ ഈടാക്കും. സൗജന്യറേഷനു പുറമെ സാധാരണ റേഷനും കിട്ടില്ല.
സപ്ലൈകൊ തയാറാക്കുന്ന കിറ്റിന് പുറമെയാണ് സൗജന്യ റേഷന്‍ വിതരണം. കിറ്റ് വിതരണവും ഏപ്രില്‍ ആദ്യത്തെ ആഴ്ച നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാവും കിറ്റിന്റെ വിതരണം നടക്കുകയെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്. ബീന അറിയിച്ചു.