റാന്നി : ചട്ടം പാലിക്കാതെയുള്ള കെട്ടിട നിർമ്മാണങ്ങള്‍ തുടരുന്നു. നടപടിയെടുക്കാതെ ഗ്രാമ പഞ്ചായത്തുകൾ കണ്ണടക്കുന്നതായി ആരോപണം. ടൗണിലെ പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലും നിശ്ചിത ദൂരപരിധി ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് ഗ്രാമപഞ്ചായത്തുകളുടെ മൗനാനുവാദത്തോട് കൂടിയാണെന്നാണ് ഉയരുന്ന ആക്ഷേപം.
ഇപ്പോൾ നിലവിൽ അങ്ങാടി പഞ്ചായത്തിലെ കാവുങ്കല്‍പടി ബൈപ്പാസ് ചേരുന്ന ജംഗഷനില്‍ നിര്‍മ്മിക്കുന്ന കെട്ടിടം റോഡിനോട് ചേർത്താണ് പണിയുന്നത്. മoത്തുംചാൽ – മുക്കൂട്ടുതറ റോഡ് ഉന്നത നിലവാരത്തിൽ പണിതതിനു ശേഷമാണ് കെട്ടിടത്തിൻ്റെ നിര്‍മ്മാണം തുടങ്ങിയത്. നിർമ്മാണം തുടങ്ങിയപ്പോൾ കെട്ടിടത്തിൻ്റെ തൂണുകൾക്ക് റോഡുമായി ദൂരപരിപരിധി ഉണ്ടായിരുന്നെങ്കിൽ പണി പൂർത്തികരിച്ചു വരുന്നതോടെ അകലം കുറഞ്ഞു വരുകയാണ്. റോഡ് നിയമങ്ങൾക്ക് വിരുദ്ധമായി ഇത്തരത്തിൽ നിർമ്മാണം നടക്കുന്നത് അങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും 200 മീറ്റർ ദൂരത്തിലാണ്.
റാന്നി, അങ്ങാടി, പഴവങ്ങാടി എന്നീ മൂന്ന് പഞ്ചായത്തുകൾ കൂടി ചേരുന്നതാണ് റാന്നി ടൗൺ. എല്ലാ പഞ്ചായത്തുകളിലും ഇത്തരത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നുതെന്നാണ് പറയുന്നത്. കെട്ടിടം പണിയാൻ മിനിമം 3.5 മീറ്റർ ദൂരം റോഡിൽ നിന്ന് മാറ്റി വേണം പണിയുവാൻ എന്നുള്ള ചട്ടമാണ് അട്ടിമറിക്കുന്നത്. പഴവങ്ങാടി പഞ്ചായത്തിൽ പഞ്ചായത്ത് തന്നെ ചട്ടം ലംഘിച്ച് ഫിഷ് സ്റ്റാളിനു വേണ്ടി നിർമ്മാണ പ്രവർത്തനം നടത്തിയത് വിവാദമായിരുന്നു പിന്നീട് ഇതു തുറന്ന് കൊടുക്കുകയും ചെയ്തിരുന്നു.