റാന്നി പെരുനാട് : വിഷുക്കണിയൊരുക്കാൻ വിഷമില്ലാത്ത പച്ചക്കറി കൃഷിയിറക്കാനൊരുങ്ങി പഞ്ചായത്ത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാംഘട്ടമായിട്ടാണ് ‘വിഷമില്ലാത്തൊരു വിഷുക്കണി’ ക്യാംപെയ്നും തുടക്കമായത്. പെരുനാട് പഞ്ചായത്തിനാവശ്യമായ കണിക്കിറ്റുകൾ തദ്ദേശീയമായി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. മറുനാടൻ പച്ചക്കറികളുടെ അതിപ്രസരം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു സമൂഹത്തെ ബോധ്യപ്പെടുത്തലും ക്യാംപെയ്ന്റെ ഭാഗമായി നടത്തും. വിഷു കിറ്റിനായുള്ള ഉൽപന്നങ്ങളുടെ ആദ്യ വിത്തിടൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ നിർവഹിച്ചു. കൃഷിഭവൻ, കാർഷിക കർമസേന എന്നിവർ തയാറാക്കുന്ന മാതൃകയിൽ കൃഷിയിടത്തിൽ നിന്ന് കൃഷിയാരംഭിച്ച് 10 ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കുന്നത്.
പുതുതായി കൃഷിയിറക്കുന്ന കണി വെള്ളരി, ബ്ലാത്താൻകര ചീര, വെണ്ട, പയർ എന്നിവയ്ക്കു പുറമേ തദ്ദേശിയമായ ചക്ക, മാങ്ങ, മുരിങ്ങക്ക, കൈതച്ചക്ക, അംബരം, തേങ്ങ, നാടൻ പഴങ്ങൾ, കണിക്കൊന്ന, അടക്ക, വെറ്റില എന്നിവയാണു കിറ്റിൽ ഉൾപ്പെടുത്തുക. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി ജൈവിക രീതിക്കു പ്രാധാന്യം നൽകി ഓലക്കൂടയിലാകും കിറ്റു നൽകുക. ഓൺലൈൻ റജിസ്ട്രേഷൻ വഴിയാണ് കിറ്റുകൾ ബുക്കു ചെയ്യേണ്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഡി.ശ്രീകല, കൃഷി ഓഫിസർ ടി.എസ്.ശ്രീതി, അസിസ്റ്റന്റുമാരായ എൻ.ജിജി, സി.രഞ്ജിത്ത്, എം.കെ.മോഹന്ഡദാസ്, സതീശൻ എന്നിവർ പ്രസംഗിച്ചു.