ഒരിടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ ത്രില്ലർ. ഇതായിരുന്നു ടർബോയിലേക്ക് പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ അടുപ്പിച്ച ഘടകം. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ മെയ് 23ന് ചിത്രം തിയറ്ററിൽ എത്തിയതോടെ കഥ മാറി. മാസ് അക്ഷനും ചേസിങ്ങും ഒക്കെയായി മമ്മൂട്ടി, ജോസ് എന്ന കഥാപാത്രമായി നിറഞ്ഞാടി. ഒരു മമ്മൂട്ടി ആരാധകന് വേണ്ട എലമെന്റോടെയും അണിയിച്ചൊരുക്കിയ ടർബോ ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. റിലീസ് ചെയ്ത് നാല് ദിവസത്തിൽ അൻപത് കോടി ക്ലബ്ബെന്ന ഖ്യാതിയും മമ്മൂട്ടി സ്വന്തമാക്കി. മികച്ച പ്രകടനവുമായി ചിത്രം തിയറ്ററിൽ മുന്നേറുന്നതിനിടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ടർബോയിലെ ഏറ്റവും പ്രധാനപ്പെട്ട ഫൈറ്റ് സ്വീക്വൻസ് നടന്നത് പൊലീസ് സ്റ്റേഷനിലേത് ആയിരുന്നു. ഈ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. തോക്ക് കൊണ്ട് അഭ്യാസം കാണിക്കുന്ന മാസ് ആക്ഷൻ രംഗങ്ങൾ അനായാസം ചെയ്യുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. ടർബോ റിലീസ് ചെയ്തതിന് പിന്നാലെ ഡ്യൂപ്പാണ് ആക്ഷൻ രംഗങ്ങൾ ചെയ്തതെന്ന തരത്തിൽ പ്രചരണം നടന്നിരുന്നു. എന്നാൽ ഈ പ്രചരണങ്ങളെ പൂർണമായും തള്ളിക്കളയുന്ന തരത്തിലുള്ള മേക്കിംഗ് വീഡിയോകൾ അടുത്തിടെ ടർബോ ടീം പുറത്തുവിടുന്നുമുണ്ട്. രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആയിരുന്നു. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച് നിൽക്കുന്ന ചിത്രം എഴുപത് കോടി അടുപ്പിച്ച് ഇതിനോടകം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. 65 കോടിയാണ് ടർബോയുടെ ബജറ്റ് എന്നാണ് നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.