മധ്യപ്രദേശ്; ഉറങ്ങാൻ അനുവദിക്കാത്തതിന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം സോഫയ്ക്കടിയിൽ ഒളിപ്പിച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് രണ്ട് വയസുകാരിയെ അമ്മായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹനുമന്തൽ പോലീസ് സ്റ്റേഷൻ പരിധിയിലെ രാജീവ് നഗർ പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. സക്കിൽ മൻസൂരി എന്നയാളുടെ 2 വയസ്സുള്ള മകളെ ഉച്ചയോടെ കാണാതായി.
മകൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ പിതാവ് പോലീസിനെ സമീപിച്ചു. പോലീസ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. തുടർന്ന് വീട്ടിൽ പരിശോധന നടത്താൻ തീരുമാനിച്ചു. പരിശോധനയിൽ ഡ്രോയിംഗ് റൂമിലെ സോഫയ്ക്കടിയിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വിശദമായ അന്വേഷണത്തിന് ശേഷം പെൺകുട്ടിയുടെ അമ്മായി അഫ്സാനയെ പോലീസ് കസ്റ്റഡിയിലെടുത്തു.