കായംകുളം : താലൂക്ക് ആശുപത്രിയിൽ കോടികൾ ചിലവാക്കി നിർമിച്ച മെറ്റേണിറ്റി ബ്ലോക്കും ഐസിയു യൂണിറ്റും ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിക്കുന്നില്ല. മതിയായ ജീവനക്കാരില്ലാത്തതാണ് പ്രവർത്തനത്തിനു തടസ്സം. സ്ത്രീകൾക്കും കുട്ടികൾക്കുമായി നിർമിച്ച മെറ്റേണിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് നാലുവർഷം കഴിഞ്ഞു. സൗജന്യചികിത്സ ലഭ്യമാക്കാൻ മൂന്നുകോടി 19 ലക്ഷം രൂപ ചെലവഴിച്ച് ആധുനികരീതിയിൽ നിർമിച്ച കെട്ടിടമാണ് അടഞ്ഞുകിടക്കുന്നത്. ഒരുകോടി രൂപ ചെലവിട്ട ഐസിയു വാർഡിന്റെ അവസ്ഥയും ഇതുതന്നെയാണ്. ഐസിയു വാർഡിന്റെ നിർമാണം പൂർത്തിയായിട്ടും രണ്ടുവർഷത്തോളമാകുന്നു.
ദേശീയ ആരോഗ്യദൗത്യം (എൻഎച്ച്എം) പദ്ധതി പ്രകാരം 2018-2019 ലാണ് മെറ്റേണിറ്റി ബ്ലോക്ക് നിർമിച്ചത്. അത്യാഹിതവിഭാഗം കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് മെറ്റേണിറ്റി ബ്ലോക്ക് നിർമിച്ചത്. ഇവിടേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് ലിഫ്റ്റും നിർമിച്ചിട്ടുണ്ട്. പ്രസവവാർഡ്, മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, കുട്ടികളുടെ ഐസിയു, ലേബർ റൂം, ജീവനക്കാർക്കുള്ള മുറി, കാത്തിരിപ്പുകേന്ദ്രം എന്നിവയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പണി പൂർത്തിയായപ്പോൾ വൈദ്യുതി ലഭ്യമാക്കാൻ എച്ച്ടി കണക്‌ഷൻ ആവശ്യമായി വന്നു. നഗരസഭ പണമടച്ച് ആശുപത്രി ആവശ്യങ്ങൾക്ക് ട്രാൻസ്‌ഫോർമറും സ്ഥാപിച്ചു. ഇതോടെ മെറ്റേണിറ്റി ബ്ലോക്കിലേക്കുള്ള വൈദ്യുതിപ്രശ്നത്തിനും പരിഹാരമായി. എന്നിട്ടും ഇതുവരെയും ബ്ലോക്കിന്റെ പ്രവർത്തനം തുടങ്ങാനായില്ല.