കോന്നി: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി വകയാര്‍, കൊല്ലന്‍പടി ഭാഗങ്ങളില്‍ ഓടക്ക് മുകളില്‍ സ്ലാബ് സ്ഥാപിക്കാത്തത് അപകടകെണിയാകുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ജോലി കഴിഞ്ഞ് പോയ ബൈക്ക് യാത്രികന്‍ വകയാര്‍ ഭാഗത്ത് ഓടയില്‍ വീണ് പരിക്കേറ്റത്. കൊല്ലന്‍പടി ഭാഗത്ത് മുന്‍പ് പല തവണ ഓടയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ബസ് ഇറങ്ങുന്ന ഭാഗങ്ങളില്‍ ആണ് കൂടുതലും സ്ലാബ് സ്ഥാപിക്കുവാന്‍ ഉള്ളത്. ഇതിനാല്‍ തന്നെ ബസ്സ് കയറാന്‍ കാത്ത് നില്‍ക്കുന്നവരും ബസ് ഇറങ്ങുന്നവരും അപകടത്തില്‍ അകപെടുന്നത് പതിവാണ്. സംസ്ഥാന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മൂലം ഓട വൃത്തിയാക്കാത്തത് ആണ് സ്ലാബ് സ്ഥാപിക്കുന്നതിന് തടസ്സമെന്ന് കെ എസ് റ്റി പി അധികൃതര്‍ പറയുന്നു.
കഴിഞ്ഞ കുറെ മാസക്കാലമായി സംസ്ഥാന പാതയില്‍ വകയാര്‍ ഭാഗത്ത് ഓടയില്‍ പൊതു ജനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായി മാറുകയാണ്. ഇരുചക്ര വാഹനായാത്രക്കാര്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങളും അനവധിയാണ്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നടന്നുപോകുന്ന നടപ്പാതയിലാണ് സ്ലാബ് സ്ഥാപിക്കാത്തത്. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ ഓടക്ക് മുകളില്‍ സ്ലാബ് സ്ഥാപിക്കാത്തത് വലിയ അപകടങ്ങള്‍ക്ക് കാരണമായി തീരും. നിരവധി തവണ നാട്ടുകാര്‍ കെ എസ് റ്റി പി അധികൃതരെ വിഷയം അറിയിച്ചിട്ടും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. മാത്രമല്ല ഓടയുടെ സ്ലാബുകള്‍ ഉയര്‍ന്നുനില്‍ക്കുന്നത് ഗതാഗത തടസത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്.