യുപി: യുവതിയോട് മോശമായി പെരുമാറിയ ബിജെപി നേതാവിന് നോട്ടീസ് നല്‍കി പാര്‍ട്ടി. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബിജെപി ലീഡര്‍ അമര്‍ കിഷോര്‍ കശ്യപ് ആണ് യുവതിയോട് മോശമായി പെരുമാറിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി അമറിന് നോട്ടീസ് അയച്ചത്. വിവാദത്തെത്തുടര്‍ന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് നാരായണ്‍ ശുക്ലയാണ് കശ്യപിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ബിജെപി ജില്ലാ ഓഫീസിലെ സിസിടിവി ക്യാമറകളില്‍ ഏപ്രില്‍ 12 ന് പകര്‍ത്തിയ വീഡിയോയില്‍, ബിജെപി ഗോണ്ട യൂണിറ്റ് മേധാവിയായ കശ്യപ് സ്ത്രീയോടൊപ്പം പടികള്‍ കയറുന്നത് കാണാം. തുടര്‍ന്ന് അയാള്‍ സ്ത്രീയോട് മോശമായി പെരുമാറുകയും വീണ്ടും പടികള്‍ കയറുന്നതിന് മുമ്പ് അവളെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
പാര്‍ട്ടിയിലെത്തന്നെ ഒരു പ്രവര്‍ത്തകനാണ് അമര്‍ കിഷോര്‍ കശ്യപിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ അമര്‍ കിഷോര്‍ കശ്യപിന്റെ വിശദീകരണവും വന്നു. യുവതി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ് എന്നും വയ്യ എന്ന് പറഞ്ഞ് തന്നെ സമീപിച്ചപ്പോള്‍ വിശ്രമിക്കാന്‍ സ്ഥലം നല്‍കിയതാണ് എന്നുമാണ് അമറിന്റെ വിശദീകരണം. ഇതിനിടെ തലകറക്കം അനുഭവപ്പെട്ടപ്പോള്‍ യുവതിയെ താന്‍ കൈപിടിച്ച് സഹായിച്ചെന്നും ഈ ദൃശ്യങ്ങള്‍ തന്നെ മനഃപൂര്‍വം അപമാനിക്കാനായി ഉപയോഗിക്കുകയാണ് എന്നും അമര്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ തന്റെ പേര് അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൃശ്യങ്ങള്‍ നിര്‍മ്മിച്ചതെന്ന് അമര്‍ വാദിച്ചു.