പത്തനംതിട്ട : കുപ്രസിദ്ധ മോഷ്ടാവായ വാവച്ചൻ എന്ന മാത്തുക്കുട്ടിയെ തിരുവല്ല പുളിക്കീഴ് പോലീസ് പിടികൂടി. നെടുമ്പ്രം ക്ഷേത്രത്തിലെ കവർച്ചാ കേസിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പോലീസ് അന്വേഷിച്ചു വരുന്നതിനിടെ ഇയാൾ മറ്റൊരു മോഷണക്കേസിൽ പിടിയിലാവുകയായിരുന്നു. പത്തനംതിട്ടയിൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ മാത്തുക്കുട്ടിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായിരുന്നു. പ്രതിക്കായി പുളിക്കീഴ് പൊലീസ് വലവിരിച്ചു.
ഇതിനിടെ പുന്നപ്ര സ്റ്റേഷനിൽ മറ്റൊരു മോഷണ കേസിൽ ഇയാൾ പിടിയിലായി. അവിടെയെത്തി പുളിക്കീഴ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റിമാൻഡിൽ കഴിഞ്ഞ പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി നെടുമ്പ്രം ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുത്തു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളാണ് പ്രതി. അതിനാൽ പിടികൂടുക പ്രയാസമാണ്. കവർച്ചയ്ക്ക് ശേഷം പണവുമായി മാഹിയിലേക്ക് കടക്കും. അവിടെ ആർഭാട ജീവിതം നയിക്കുകയാണ് മാത്തുക്കുട്ടിയുടെ പതിവ്. കയ്യിലെ പണമെല്ലാം തീരുമ്പോൾ വീണ്ടും മോഷണത്തിനിറങ്ങും.